loader image
ഹൃദയം ഹാപ്പിയാക്കാൻ ഒരു ‘പെറ്റ്’; അകാല മരണ സാധ്യത 24 ശതമാനം കുറയുമെന്ന് ഗവേഷകർ

ഹൃദയം ഹാപ്പിയാക്കാൻ ഒരു ‘പെറ്റ്’; അകാല മരണ സാധ്യത 24 ശതമാനം കുറയുമെന്ന് ഗവേഷകർ

വീട്ടിൽ വളർത്തുമൃഗങ്ങൾ ഉള്ളവർക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യവും മാനസികാരോഗ്യവും ഉണ്ടാകുമെന്ന് പുതിയ പഠനറിപ്പോർട്ടുകൾ. പ്രത്യേകിച്ച് നായകളെ വളർത്തുന്നവർക്ക് വാർദ്ധക്യകാലത്തും മികച്ച ഓർമ്മശക്തിയും ബുദ്ധിശക്തിയും നിലനിർത്താൻ കഴിയുമെന്നും ദീർഘായുസ്സ് ലഭിക്കാൻ ഇത് സഹായിക്കുമെന്നും കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

കരോളിൻ ജെ. ക്രാമറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം പത്ത് വ്യത്യസ്ത നിരീക്ഷണ പഠനങ്ങളിൽ നിന്നുള്ള 38 ലക്ഷം പേരുടെ വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. നായകളെ വളർത്തുന്നവരിൽ അകാല മരണത്തിനുള്ള സാധ്യത 24 ശതമാനം കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങൾ ബാധിച്ചവർ വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്നത് അവരുടെ അതിജീവന നിരക്ക് വർധിപ്പിക്കാൻ സഹായിക്കും. ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 31 ശതമാനം വരെ കുറയ്ക്കാൻ നായകളുടെ സാന്നിധ്യം സഹായിക്കുമെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

Also Read: മുളപ്പിച്ച ചെറുപയർ അമൃതാണ്; പക്ഷേ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിലെ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. ഇതിനുപുറമെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഇവ വലിയ പങ്കുവഹിക്കുന്നു. യൂറോപ്പിൽ നടന്ന മറ്റൊരു പഠനമനുസരിച്ച്, പ്രായമാകുമ്പോൾ ഉണ്ടാകുന്ന മേധാശക്തി ക്ഷയിക്കലിനെ ഒരു പരിധിവരെ തടയാൻ വളർത്തുമൃഗങ്ങൾക്ക് സാധിക്കും. നായകളെയും പൂച്ചകളെയും വളർത്തുന്നവരിലാണ് ഈ ഗുണങ്ങൾ കൂടുതൽ പ്രകടമായി കാണുന്നത്. എന്നാൽ മീനുകളെയും കിളികളെയും വളർത്തുന്നവരിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇത്ര ശക്തമായ സ്വാധീനം കണ്ടെത്താനായിട്ടില്ല.

See also  ഇറാന്റെ മണ്ണ് വിട്ടുകൊടുക്കില്ല, ശത്രുക്കളുടെ മോഹം പേക്കിനാവാകും; നിലപാട് വ്യക്തമാക്കി പെസെഷ്കിയാൻ

വളർത്തുമൃഗങ്ങളെ നടത്താൻ കൊണ്ടുപോകുന്നതും അവയെ പരിചരിക്കുന്നതും ശാരീരിക വ്യായാമം നൽകുന്നതിനൊപ്പം അവരുമായുള്ള വൈകാരിക അടുപ്പം ഏകാന്തത ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

അതേസമയം, ഇന്ത്യയിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. അതുമായി ബന്ധപ്പെട്ട വിപണിയും രാജ്യത്ത് അതിവേഗം വളരുകയാണ്. ഓൺലൈൻ പെറ്റ് കെയർ മേഖലയിൽ 2025-ൽ 95 ശതമാനം വളർച്ചയുണ്ടായതായി യൂണികോമേഴ്‌സിന്റെ റിപ്പോർട്ട് പറയുന്നു. 2019-ൽ 1.6 ബില്യൺ ഡോളറായിരുന്ന ഈ മേഖലയിലെ സാമ്പത്തിക വിനിമയം 2024-ൽ 3.6 ബില്യൺ ഡോളറായി ഉയർന്നു. 2028-ഓടെ ഇത് 7 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ഹൃദയം ഹാപ്പിയാക്കാൻ ഒരു ‘പെറ്റ്’; അകാല മരണ സാധ്യത 24 ശതമാനം കുറയുമെന്ന് ഗവേഷകർ appeared first on Express Kerala.

Spread the love

New Report

Close