
ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം ഇന്ത്യൻ വിമാനക്കമ്പനികളെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. പ്രവർത്തനച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ എക്സൈസ് തീരുവയിലും ജിഎസ്ടിയിലും ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിമാനക്കമ്പനി പ്രതിനിധികൾ കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡുവിനെ കണ്ടു.
ഗൾഫ് രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതും പാകിസ്ഥാൻ ഏർപ്പെടുത്തിയ വിലക്കും കാരണം യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് ദൂരം വർദ്ധിച്ചു. യാത്രയുടെ സമയം കൂടിയതോടെ ഇന്ധന ഉപഭോഗം കുതിച്ചുയർന്നു. കൂടുതൽ പൈലറ്റുമാരെയും കാബിൻ ക്രൂവിനെയും നിയോഗിക്കേണ്ടി വരുന്നു. ദീർഘദൂര യാത്രകൾ കാരണം ഭക്ഷണച്ചെലവും വിമാനങ്ങളുടെ അറ്റകുറ്റപ്പണി ചെലവും വർദ്ധിച്ചു.
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ഇന്ധനവിലയെ നേരിട്ട് ബാധിച്ചു. ഇന്ധനവിലയിൽ 20% വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. യുദ്ധമേഖലകളിലൂടെയോ സമീപത്തു കൂടിയോ പറക്കുന്ന വിമാനങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ വൻതുക ഈടാക്കുന്നു. ചെറിയ വിമാനങ്ങൾ (Airbus A320) ഒരു ട്രിപ്പിന് ഏകദേശം 70 ലക്ഷം രൂപ അധിക പ്രീമിയം. വലിയ വിമാനങ്ങൾ (Boeing 787) ഏകദേശം 2 കോടി രൂപ വരെയാകാം.
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ വൻ തിരക്കാണെങ്കിലും, തിരിച്ചുള്ള സർവീസുകളിൽ യാത്രക്കാർ തീരെ കുറവാണ്. വൺ-വേ ട്രാഫിക് കമ്പനികൾക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. കൂടാതെ, ഗൾഫ് വിമാനത്താവളങ്ങളിലെ അനിശ്ചിതത്വം കാരണം മുൻകൂട്ടി ടിക്കറ്റ് ബുക്കിംഗ് നടത്താനും സാധിക്കുന്നില്ല.
The post വ്യോമയാന മേഖലയിൽ പ്രതിസന്ധി; വിമാനക്കമ്പനികൾ കേന്ദ്ര സഹായം തേടുന്നു appeared first on Express Kerala.




