
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻ.സി.പിയിൽ നാടകീയമായ സംഭവവികാസങ്ങൾ. എലത്തൂർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാതെ മാറിനിൽക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ ആവശ്യപ്പെട്ടതോടെ മന്ത്രി എ.കെ. ശശീന്ദ്രൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തിരുവനന്തപുരത്ത് നടന്ന സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയ്ക്കിടെയായിരുന്നു ഈ അപ്രതീക്ഷിത പൊട്ടിത്തെറി.
കൂടിയാലോചനകളില്ലാത്ത ഏകപക്ഷീയമായ തീരുമാനങ്ങളാണ് പാർട്ടിയിൽ നടക്കുന്നത്, ഇത്തരം തീരുമാനങ്ങൾ നേരത്തെ പ്രഖ്യാപിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് യോഗം ചേരുന്നത് എന്ന് ശശീന്ദ്രൻ പറഞ്ഞു. ശശീന്ദ്രൻ ഇത്തവണ മാറിനിൽക്കണമെന്നും പുതിയൊരാൾക്ക് അവസരം നൽകണമെന്നുമാണ് എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കോഴിക്കോട് ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദ് അടക്കമുള്ളവർ ഈ നിലപാട് നേരത്തെ പരസ്യമാക്കിയിരുന്നു.
എലത്തൂരിൽ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരം നിലനിൽക്കുന്നുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാൽ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1980 മുതൽ തുടർച്ചയായി തിരഞ്ഞെടുപ്പ് ഗോദയിലുള്ള നേതാവാണ് എ.കെ. ശശീന്ദ്രൻ. ഏഴുതവണ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച അദ്ദേഹം പത്തുവർഷമായി മന്ത്രിസ്ഥാനത്തും തുടരുന്നു. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് പ്രസക്തമെന്നും അവർ ആവശ്യപ്പെട്ടാൽ എലത്തൂരിൽ തന്നെ മത്സരിക്കുമെന്നുമാണ് ശശീന്ദ്രന്റെ പക്ഷം.
The post എലത്തൂരിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി എൻ.സി.പിയിൽ തര്‍ക്കം; യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എ കെ ശശീന്ദ്രൻ appeared first on Express Kerala.




