
രാജ്യത്തെ എല്ലാ സ്ത്രീകൾക്കും തുല്യമായ അവകാശങ്ങൾ ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുസ്ലീം സ്ത്രീകൾക്ക് തുല്യമായ അനന്തരാവകാശം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർണ്ണായകമായ ഈ പരാമർശം നടത്തിയത്. മുസ്ലീം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഇപ്പോഴും തുല്യമായ സ്വത്തവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലുള്ള ശരിയത്ത് നിയമത്തിലെ അനന്തരാവകാശ വ്യവസ്ഥകൾ റദ്ദാക്കപ്പെട്ടാൽ പകരം ഏത് നിയമമാണ് ആ വിഭാഗത്തെ നിയന്ത്രിക്കേണ്ടതെന്ന ചോദ്യവും ജസ്റ്റിസുമാരായ ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉയർത്തി. ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾക്കിടയിൽ ഇത്തരം ഒട്ടേറെ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇവയെല്ലാം റദ്ദാക്കാൻ സുപ്രീം കോടതിക്ക് മാത്രമായി സാധിക്കുമോ എന്ന സംശയവും ബെഞ്ച് പ്രകടിപ്പിച്ചു.
Also Read; വിലക്കയറ്റം പടിവാതിൽക്കൽ; പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉയർത്താനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപറേഷൻ
ലിംഗസമത്വമെന്ന ലക്ഷ്യം പൂർണ്ണമായി നേടാനായിട്ടുണ്ടോ എന്ന കാര്യത്തിൽ കോടതി ഗൗരവമായ ചോദ്യങ്ങൾ ഉന്നയിച്ചു. “ഒരു പുരുഷനും ഒരു സ്ത്രീയും” എന്ന തുല്യതാ സങ്കല്പം അഥവാ ഏകഭാര്യ വിവാഹ രീതി എല്ലായിടത്തും നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും രാജ്യത്തെ എല്ലാ ബഹുഭാര്യത്വ വിവാഹങ്ങളും നിർത്തലാക്കാൻ സുപ്രീം കോടതിക്ക് സാധിക്കുമോ എന്നും ബെഞ്ച് ആരാഞ്ഞു. വ്യക്തിനിയമങ്ങളിലെ വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ നിയമപരമായ ഏകീകരണം ആവശ്യമാണെന്ന സൂചനയാണ് കോടതി നൽകുന്നത്.
The post സ്ത്രീകളുടെ തുല്യാവകാശത്തിന് ഏകീകൃത സിവിൽ കോഡ് അനിവാര്യം; സുപ്രീം കോടതി appeared first on Express Kerala.




