
2026 ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി അഹമ്മദാബാദിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുകയാണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഐസിസി ചെയർമാൻ ജയ് ഷാ, കോച്ച് ഗൗതം ഗംഭീർ എന്നിവർ ട്രോഫിയുമായി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയതിനെതിരെ മുൻ ഇന്ത്യൻ താരം കീർത്തി ആസാദ് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
കായികരംഗം ഒരു പ്രത്യേക മതത്തെയല്ല, മറിച്ച് രാജ്യത്തെ മുഴുവനുമാണ് പ്രതിനിധീകരിക്കേണ്ടതെന്നും ടീമിലെ മറ്റ് താരങ്ങളായ മുഹമ്മദ് സിറാജോ സഞ്ജു സാംസണോ കപ്പുമായി പള്ളിയിലോ ചർച്ചിലോ പോയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വിജയം 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണെന്നും ഇതിനെ ഒരു മതത്തിന്റെ മാത്രം ആഘോഷമായി ചുരുക്കരുതെന്നും കീർത്തി ആസാദ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.
Also Read:സഞ്ജു സാംസൺ, ഇന്ത്യൻ ടി20 ടീമിന്റെ അടുത്ത നായകൻ? മുഹമ്മദ് കൈഫിന്റെ നിരീക്ഷണം
എന്നാൽ കീർത്തി ആസാദിന്റെ ഈ വിമർശനങ്ങളോടുള്ള ചോദ്യങ്ങൾ ഇന്ത്യൻ യുവതാരം ഇഷാൻ കിഷനെ ചൊടിപ്പിച്ചു. ലോകകപ്പ് നേട്ടത്തിന് ശേഷം വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങൾ ഇക്കാര്യം ചോദിച്ചപ്പോൾ ഇത്തരം അർത്ഥശൂന്യമായ വിവാദങ്ങൾക്ക് മറുപടി നൽകാനില്ലെന്ന നിലപാടാണ് താരം സ്വീകരിച്ചത്. ഞങ്ങൾ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും ലോകകപ്പ് ജയിച്ചതിന്റെ വലിയ സന്തോഷത്തിലാണ് നിലവിൽ ടീമെന്നും ഇഷാൻ കിഷൻ പ്രതികരിച്ചു. രാജ്യത്തിന്റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ച് സംസാരിക്കുന്നതിന് പകരം അനാവശ്യ ചോദ്യങ്ങളുമായി വരരുതെന്നും വരും കാലങ്ങളിലും കൂടുതൽ വിജയങ്ങൾ ഇന്ത്യക്കായി നേടാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കിഷൻ കൂട്ടിച്ചേർത്തു.
The post അനാവശ്യ ചോദ്യങ്ങൾ വേണ്ട, രാജ്യം ജയിച്ച സന്തോഷത്തിലാണ് ഞങ്ങൾ! കീർത്തി ആസാദിന് മറുപടിയുമായി ഇഷാൻ appeared first on Express Kerala.



