
സുസുക്കി മോട്ടോർസൈക്കിൾസ് ജർമ്മൻ വിപണിക്കായി തങ്ങളുടെ കരുത്തുറ്റ മോഡലായ കറ്റാനയുടെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ‘കറ്റാന എൽഇ’ എന്ന് പേരിട്ടിരിക്കുന്ന ഈ ലിമിറ്റഡ് എഡിഷൻ വെറും 45 യൂണിറ്റുകൾ മാത്രമാണ് കമ്പനി നിർമ്മിക്കുന്നത്. വിഷ്വൽ ആയും മെക്കാനിക്കൽ ആയും വരുത്തിയ ചില പ്രധാന മാറ്റങ്ങളാണ് ഈ എഡിഷനെ വ്യത്യസ്തമാക്കുന്നത്.
കാഴ്ചയിൽ സ്റ്റാൻഡേർഡ് കറ്റാനയോട് സാമ്യമുണ്ടെങ്കിലും ആകർഷകമായ പുതിയ പെയിന്റ് സ്കീമാണ് ഇതിൽ നൽകിയിരിക്കുന്നത്. സിൽവർ ബോഡി വർക്കിനൊപ്പം വെങ്കല നിറത്തിലുള്ള വീലുകൾ നൽകിയത് ബൈക്കിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. സാധാരണ മോഡലുകളിൽ ബോഡി നിറത്തിൽ വരുന്ന ടെയിൽ സെക്ഷൻ, എൽഇ പതിപ്പിൽ കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഓരോ ബൈക്കിനും നിശ്ചിത നമ്പർ നൽകുന്ന സ്റ്റിക്കറുകൾ, ഫ്രെയിം സ്ലൈഡറുകൾ, കാർബൺ ഫിനിഷിലുള്ള ടാങ്ക് പാഡ്, കറ്റാന ലോഗോയുള്ള ഗാരേജ് മാറ്റ് എന്നിവയും ഈ പതിപ്പിനൊപ്പം ലഭിക്കും. കറ്റാനയുടെ ചരിത്രം വിവരിക്കുന്ന പ്രത്യേക ബുക്ക്‌ലെറ്റും ഇതിന്റെ ഭാഗമാണ്.
Also Read:ക്രെറ്റയുടെ സിംഹാസനം ഇളകുമോ? വെല്ലുവിളിയുമായി മൂന്ന് കരുത്തൻ എസ്‌യുവികൾ വിപണിയിലേക്ക്!
മെക്കാനിക്കൽ മാറ്റങ്ങളിലേക്ക് വരുമ്പോൾ, റോഡ്-ലീഗൽ ആയ അക്രപോവിക് (Akrapovič) സ്ലിപ്പ്-ഓൺ എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ മാത്രമാണ് അധികമായി നൽകിയിരിക്കുന്നത്. ഇത് എഞ്ചിന്റെ ശബ്ദത്തിൽ അല്പം വ്യത്യാസം വരുത്തുമെങ്കിലും കരുത്തിന്റെ കാര്യത്തിൽ മാറ്റമില്ല. സ്റ്റാൻഡേർഡ് മോഡലിലെ അതേ 999 സിസി, ലിക്വിഡ്-കൂൾഡ്, ഫോർ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് 152hp കരുത്തും 106Nm ടോർക്കും ഉത്പാദിപ്പിക്കും. ഷാസി ഘടകങ്ങളിലും ഇലക്ട്രോണിക്സ് പാക്കേജിലും മാറ്റങ്ങളില്ല.
The post വെറും 45 എണ്ണം മാത്രം! സുസുക്കി കറ്റാനയുടെ സ്പെഷ്യൽ എഡിഷൻ എത്തി; പ്രത്യേകതകൾ അറിയാം appeared first on Express Kerala.



