
ബെംഗളൂരു: ആവേശപ്പോരാട്ടങ്ങളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ഈ മാസം 28ന് ആരംഭിക്കുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആർസിബി ഇറങ്ങുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് ഹൈദരാബാദ് കോപ്പുകൂട്ടുന്നത്.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായി ഷെഡ്യൂൾ
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ടൂർണമെന്റ് ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് ബിസിസിഐ പുറത്തിറക്കുന്നത്. തിരഞ്ഞെടുപ്പ് കാലയളവിലെ സുരക്ഷാ ക്രമീകരണങ്ങളും യാത്രാ ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് ഈ നീക്കം. ശനി, ഞായർ ദിവസങ്ങളിൽ ആരാധകർക്ക് ഇരട്ടി മധുരമേകി രണ്ട് മത്സരങ്ങൾ വീതം നടക്കും.
Also Read:പശ്ചിമേഷ്യൻ സംഘർഷം! അഫ്ഗാൻ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചു; മത്സരങ്ങൾ 2026 അവസാനത്തോടെ
സഞ്ജു ഇനി ചെന്നൈയുടെ ‘സൂപ്പർ താരം’
മലയാളി ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിംഗ്‌സിലെ അരങ്ങേറ്റം മാർച്ച് 30ന് നടക്കും. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ തന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസാണ് സഞ്ജുവിന്റെ എതിരാളികൾ. ഐപിഎൽ ലേലത്തിന് തൊട്ടുമുമ്പ് നടന്ന നാടകീയമായ ട്രേഡിംഗിലൂടെയാണ് സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിലെത്തിയത്. പകരം സ്റ്റാർ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറി. സഞ്ജുവിനെ ഇന്നത്തെ നിലയിലേക്ക് വളർത്തിയ ടീമിനെതിരെ തന്നെ ആദ്യ മത്സരം വരുന്നു എന്നത് ആരാധകർക്ക് ആവേശം പകരുന്നു. ചെന്നൈയുടെ ആദ്യ ഹോം മാച്ച് ഏപ്രിൽ 3ന് പഞ്ചാബ് കിംഗ്‌സിനെതിരെ ചെപ്പോക്കിൽ നടക്കും.
The post ഐപിഎൽ 2026: സഞ്ജു ചെന്നൈ ജേഴ്സിയിൽ; ഉദ്ഘാടന മത്സരത്തിൽ ആർസിബിയും ഹൈദരാബാദും നേർക്കുനേർ appeared first on Express Kerala.



