
ആലപ്പുഴ: സിപിഎം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ നിർണ്ണായക പ്രഖ്യാപനത്തിനായി മുതിർന്ന നേതാവ് ജി. സുധാകരൻ വാർത്താസമ്മേളനം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വീട്ടിൽ വെച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന കാര്യത്തിൽ നാളെ വ്യക്തത ഉണ്ടായേക്കും.
വാർത്താസമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് സുധാകരൻ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന. കൂടാതെ, താനുമായി വ്യക്തിപരമായ അടുപ്പമുള്ള പ്രാദേശിക പ്രവർത്തകരുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.
Also Read:പുറത്താക്കിയത് വലിയ നേതാവിനെയല്ല! ഒരു ബ്രാഞ്ച് അംഗത്തെ മാത്രം; പി.കെ. ശശിയെ പരിഹസിച്ച് എ. വിജയരാഘവൻ
പാർട്ടി അംഗത്വം പുതുക്കില്ലെന്ന ഫേസ്ബുക്ക് കുറിപ്പിന് ശേഷം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങളോട് സുധാകരൻ ഇതുവരെ സഹകരിച്ചിട്ടില്ല. ജി. സുധാകരന്റെ നാളത്തെ പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തിൽ യുഡിഎഫ് അന്തിമ തീരുമാനമെടുക്കൂ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ യുഡിഎഫ് പിന്തുണ നൽകിയേക്കുമെന്നും രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരമുണ്ട്.
The post ജി. സുധാകരൻ നാളെ മാധ്യമങ്ങളെ കാണും; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു appeared first on Express Kerala.



