പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് പൗരന്മാർക്കും താമസക്കാർക്കും പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങളുമായി യുഎഇ. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈൽ, ഡ്രോൺ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെങ്കിലും, മുൻകരുതൽ എന്ന നിലയിൽ ജനങ്ങൾ പാലിക്കേണ്ട കാര്യങ്ങളാണ് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് വിശദീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഇന്ത്യൻ എംബസിയും ഇതിനോടകം തന്നെ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മിസൈൽ പ്രതിരോധം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ എമർജൻസി അലർട്ടുകൾ ലഭിക്കാറുണ്ട്. ഇത്തരം സന്ദേശങ്ങൾ ലഭിക്കുമ്പോൾ ഒട്ടും പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Also Read: ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു; ശമ്പളം നേരത്തെ നൽകാൻ തൊഴിൽ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം
അടിയന്തര സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾ പുറത്തോ വാഹനത്തിലോ ആണെങ്കിൽ സന്ദേശം ലഭിച്ചാലുടൻ ഏറ്റവും അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുക. വാഹനങ്ങൾ സുരക്ഷിതമായി ഒതുക്കി നിർത്തിയ ശേഷം ഇൻഡോർ ലൊക്കേഷനിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങൾ, ബാൽക്കണികൾ, ജനാലകൾ എന്നിവയിൽ നിന്ന് പരമാവധി അകലം പാലിക്കേണ്ടതാണ്. കെട്ടിടത്തിനുള്ളിൽ ഉള്ളവർ ഗ്ലാസ് പാനലുകൾക്കും പുറം ചുവരുകൾക്കും സമീപം നിൽക്കാതെ കെട്ടിടത്തിന്റെ ഉൾഭാഗത്തെ കൂടുതൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ ശ്രദ്ധിക്കണം.
രാജ്യം പൂർണ്ണമായും സുരക്ഷിതമാണെന്നും എല്ലാ പ്രതിരോധ സംവിധാനങ്ങളും സജ്ജമാണെന്നും ഉറപ്പു നൽകുന്ന അധികൃതർ, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന അനാവശ്യമായ ശബ്ദസന്ദേശങ്ങളോ വീഡിയോകളോ വിശ്വസിക്കരുതെന്ന് കർശനമായി നിർദ്ദേശിക്കുന്നു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരുന്നത് അഭ്യൂഹങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
The post പരിഭ്രാന്തി വേണ്ട, ശാന്തത പാലിക്കുക; അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ പുറത്തുവിട്ട് യുഎഇ appeared first on Express Kerala.



