
കണ്ണൂർ: മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലുള്ള കെഎസ്‌യു പ്രവർത്തകരുടെ ജാമ്യഹർജി തലശേരി കോടതി ഇന്ന് പരിഗണിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളുടെ അപേക്ഷയാണിത്. നേരത്തെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വധശ്രമം, ഗൂഢാലോചന തുടങ്ങി അതീവ ഗുരുതരമായ ഒൻപതോളം വകുപ്പുകളാണ് പോലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മന്ത്രിയെ ആയുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഇതിനായി കൃത്യമായ ആസൂത്രണം നടന്നുവെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുന്നത്. എന്നാൽ, സർക്കാരിനെതിരെയുള്ള സ്വാഭാവികമായ കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടന്നതെന്നും വധശ്രമക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസം പ്രതികളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന ജാമ്യഹർജി കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്നത്തെ കോടതി വിധി കെഎസ്‌യുവിനും സർക്കാരിനും ഒരുപോലെ നിർണ്ണായകമാണ്.
The post മന്ത്രി വീണാ ജോർജിനെതിരായ വധശ്രമക്കേസ്; കെഎസ്‌യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും appeared first on Express Kerala.



