
കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച ഇറാനിയൻ ബാലിസ്റ്റിക് മിസൈലിനെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടു. തെക്കൻ കുവൈത്ത് ലക്ഷ്യമാക്കി നീങ്ങിയ മിസൈൽ തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ-ഒതൈബാൻ അറിയിച്ചു. മിസൈൽ ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചതിനാൽ ഭൂമിയിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സായുധ സേന അതീവ ജാഗ്രതയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-സബാഹ് ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾ ഈ യുദ്ധത്തിന്റെ ഭാഗമല്ലെന്നും ഒരു തരത്തിലുള്ള സൈനിക നീക്കങ്ങൾക്കായി കുവൈത്തിന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 234 ബാലിസ്റ്റിക് മിസൈലുകളും 423 ഡ്രോണുകളും കുവൈത്ത് വിജയകരമായി പ്രതിരോധിച്ചതായി പ്രധാനമന്ത്രി വെളിപ്പെടുത്തി.
The post കുവൈത്ത് വ്യോമപരിധിയിൽ മിസൈൽ ആക്രമണം; ഇറാന്റെ നീക്കം തകർത്ത് വ്യോമപ്രതിരോധ സേന appeared first on Express Kerala.



