
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ, കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കാൻ തങ്ങളെ മത്സരിക്കാൻ അനുവദിക്കണമെന്ന് മൂന്ന് പ്രമുഖ കോൺഗ്രസ് എംപിമാർ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. കെ. സുധാകരൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ എന്നിവരാണ് ഈ ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചത്. യുഡിഎഫിന് വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ തങ്ങൾ ഇറങ്ങുന്നത് നിയമസഭയിലെ അംഗബലം കൂട്ടാൻ സഹായിക്കുമെന്നാണ് ഇവരുടെ വാദം. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നിലപാട് നിർണ്ണായകമാകും.
കെ. സുധാകരൻ കണ്ണൂരിലും, അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കാനുള്ള താല്പര്യം അറിയിച്ചപ്പോൾ, കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലമാണ് എം.കെ. രാഘവൻ ലക്ഷ്യമിടുന്നത്. നിലവിൽ ഡൽഹിയിലുള്ള കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി എംപിമാർ കൂടിക്കാഴ്ച നടത്തി ആവശ്യം അറിയിച്ചു കഴിഞ്ഞു. ഈ നീക്കത്തിന് പിന്നിൽ എസ്എൻഡിപി, എൻഎസ്എസ്, ശിവഗിരി മഠം എന്നിവരുടെ പിന്തുണയുണ്ടെന്നും മുസ്ലിം ലീഗിലെ ചില നേതാക്കൾക്ക് അനുകൂല നിലപാടാണെന്നും എംപിമാർ അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ മറ്റ് കോൺഗ്രസ് നേതാക്കൾക്ക് ഇതിനോട് വിയോജിപ്പാണ്.
Also Read: തമിഴ്‌നാട്ടിൽ ചായയുമില്ല ചപ്പാത്തിയുമില്ല; ഗ്യാസ് ലാഭിക്കാൻ ഹോസ്റ്റലുകളുടെ കടുംവെട്ട്
ഈ മൂന്ന് എംപിമാർക്ക് ഇളവ് നൽകിയാൽ കൊടിക്കുന്നിൽ സുരേഷും ഷാഫി പറമ്പിലും സമാനമായ ആവശ്യവുമായി എത്തുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. സിപിഐയുടെ കോട്ടയായ അടൂരിൽ മത്സരിക്കാൻ കൊടിക്കുന്നിലിന് താല്പര്യമുണ്ട്. അതേസമയം, പാലക്കാട് സീറ്റ് നിലനിർത്താൻ ഷാഫി പറമ്പിൽ തന്നെ ഇറങ്ങണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഷാഫി പാലക്കാട് മത്സരിക്കുകയാണെങ്കിൽ രമേശ് പിഷാരിടിയെ തൃശൂരിലോ മറ്റ് സുരക്ഷിതമായ മണ്ഡലങ്ങളിലോ പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്.
The post എംപിമാർ എംഎൽഎമാരാകാൻ ഹൈക്കമാൻഡിലേക്ക്; വിജയസാധ്യത കുറഞ്ഞ സീറ്റുകളിൽ പോരാടാൻ അനുമതി തേടി നേതാക്കൾ appeared first on Express Kerala.



