
ഇടുക്കി നിയമസഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചു. റോഷി അഗസ്റ്റിൻ നയിച്ച വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന വേദിയിലായിരുന്നു അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം. ഇടുക്കിയുടെ വികസന നായകനായി റോഷി തന്നെ തുടരുമെന്നും അദ്ദേഹത്തിന് ബദലായി മറ്റൊരു പേരില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഇടുക്കി സാക്ഷ്യം വഹിച്ചു.
കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇടുക്കിയെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ, തുടർച്ചയായ ആറാം വിജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ നിലവിലെ എല്ലാ എംഎൽഎമാരും തങ്ങളുടെ മണ്ഡലങ്ങളിൽ തന്നെ ഇത്തവണയും ജനവിധി തേടുമെന്ന് പാർട്ടി ചെയർമാൻ അറിയിച്ചു. മുന്നണി തലത്തിലുള്ള ഔദ്യോഗിക ചർച്ചകൾ പൂർത്തിയാകുന്നതിന് മുൻപേയുള്ള ഈ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 2021-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ. ഫ്രാൻസിസ് ജോർജിനെ 5,573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി അഗസ്റ്റിൻ നിയമസഭയിലെത്തിയത്.
The post ഇടുക്കിയിൽ വീണ്ടും റോഷി അഗസ്റ്റിൻ; എൽഡിഎഫിലെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസ് കെ. മാണി appeared first on Express Kerala.



