
കുഞ്ചാക്കോ ബോബൻ നായകനായ ‘പ്രിയം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദീപ നായർ. ആനി ജോഷ്വ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപ, ആ ഒറ്റ സിനിമയ്ക്ക് ശേഷം വെള്ളിത്തിരയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സിനിമയിൽ സജീവമായിരുന്ന കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ ഉൾപ്പെടെ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് താരം ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. വമ്പൻ പ്രൊജക്റ്റുകളുടെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിലും സിനിമ വിട്ട തീരുമാനത്തിൽ തനിക്ക് വലിയ നിരാശയില്ലെന്ന് ദീപ വ്യക്തമാക്കുന്നു.
മോഹൻലാലിന്റെ ശ്രദ്ധേയമായ ‘ദേവദൂതൻ’, ‘ചക്രം’ എന്നീ സിനിമകളിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി താരം വെളിപ്പെടുത്തി. ദേവദൂതനിൽ നടി ജയപ്രദയുടെ കുട്ടിക്കാലം അവതരിപ്പിക്കാനായിരുന്നു വിളി വന്നത്. ജയപ്രദയുമായുള്ള മുഖസാദൃശ്യമായിരുന്നു ഇതിന് കാരണം. കൂടാതെ ‘ചക്രം’ എന്ന സിനിമയിൽ ലാലേട്ടന്റെ നായികയാകാനുള്ള അനൗദ്യോഗിക ചർച്ചകളും നടന്നിരുന്നു. നിര്‍മാതാവോ സംവിധായകനോ നേരിട്ട് വിളിച്ചുള്ള ഓഫറുകളായിരുന്നില്ല. പ്രൊഡക്ഷനിലെ ആരെങ്കിലും വിളിച്ച് താല്‍പര്യം ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു, ‘ ദീപ നായര്‍ പറയുന്നു. എന്നാൽ അന്ന് പഠനത്തിന് മുൻഗണന നൽകാനായിരുന്നു തന്റെ തീരുമാനമെന്നും ഒരു നല്ല ‘പഠിപ്പിസ്റ്റ്’ ആയിരുന്ന താൻ സിനിമയുടെ സെറ്റിലിരുന്ന് പോലും പഠിക്കാൻ കഴിയാത്തതോർത്ത് വിഷമിച്ചിട്ടുണ്ടെന്നും ദീപ ഓർത്തെടുത്തു.
Also Read: ഷാജി പാപ്പൻ വരുന്നു, മാറ്റമില്ല; ‘ആട് 3’ ഈ മാസം 19-ന് തന്നെ തിയേറ്ററുകളിലേക്ക്
സിനിമകൾ ഉപേക്ഷിച്ചതിൽ കുറ്റബോധമില്ലെങ്കിലും, സിനിമാ മേഖലയിലെ വ്യക്തികളുമായി സൗഹൃദം നിലനിർത്താൻ കഴിയാത്തതിൽ തനിക്ക് വിഷമമുണ്ടെന്ന് ദീപ പറയുന്നു. നായകൻ കുഞ്ചാക്കോ ബോബനുമായി അക്കാലത്ത് നല്ല സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം തന്റെ വിവാഹത്തിന് പോലും എത്തിയിരുന്നു. എന്നാൽ പിന്നീട് ആ ബന്ധം കാത്തുസൂക്ഷിക്കാൻ തനിക്ക് സാധിച്ചില്ല. നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിനേക്കാൾ, അന്ന് കൂടെയുണ്ടായിരുന്ന മനുഷ്യരുമായുള്ള ബന്ധം നഷ്ടപ്പെട്ടതിലാണ് തനിക്ക് ഇപ്പോൾ കുറ്റബോധം തോന്നുന്നതെന്നും താരം കൂട്ടിച്ചേർത്തു.
The post സിനിമ വിട്ടതിൽ വിഷമമില്ല, പക്ഷേ ആ സൗഹൃദങ്ങൾ നഷ്ടമായതിൽ കുറ്റബോധമുണ്ട്: ദീപ നായർ appeared first on Express Kerala.



