തൃശൂർ: എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ വയോധികയെ തെരുവ് നായ കടിച്ച് കൊന്നു. കിടപ്പുരോഗിയായ കിഴക്കേപുരയ്ക്കല്‍ കാര്‍ത്ത്യായനി(84)യെയാണ് വീടിനകത്ത് കയറിയ നായ ക്രൂരമായി കടിച്ച് കൊന്നത്. കാർത്ത്യായനിയുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനേ(60)യും നായ കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവമുണ്ടായത്.
കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറിയ നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മകനേയും ക്രൂരമായി കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്ന് കാര്‍ത്ത്യായനി കിടപ്പിലായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകനും മരുന്ന് കഴിക്കുന്നതിനാൽ ക്ഷീണിച്ച് കിടക്കുകയായിരുന്നു. വെെകുന്നേരം 6.30ഓടെ കാർത്ത്യായനിയുടെ മറ്റൊരു മകൻ മണി ഭക്ഷണം കൊടുക്കാന്‍ ചെന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതേ നായ വേറെ ആളുകളേയും വളര്‍ത്ത് നായക്കളേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പ്രതികരിച്ചു. നായയെ ഇതുവരെ പിടികൂടാൻ കഴിയാത്തതിനാൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.


