
മലയാള സിനിമയുടെ വിശ്വവിഖ്യാത താരം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ നിരവധി ഡയലോഗുകൾ ആരാധകർ നെഞ്ചേറ്റിയിട്ടുണ്ടെങ്കിലും ‘നരസിംഹം’ സിനിമയിലെ “നീ പോ മോനെ ദിനേശാ” എന്ന ഡയലോഗിന് ഇന്നും ഒരു പ്രത്യേക ആവേശമുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, പുതിയ തലമുറയ്ക്ക് നൽകാൻ ആഗ്രഹിക്കുന്ന തന്റെ സിനിമാ സംഭാഷണം ഏതാണെന്ന ചോദ്യത്തിന് ഈ ഹിറ്റ് ഡയലോഗിനെ കുറിച്ചാണ് ലാലേട്ടൻ സംസാരിച്ചത്. ഈ വാചകം വെറുമൊരു സിനിമ ഡയലോഗല്ലെന്നും ജീവിതത്തോട് നേരിട്ട് സംസാരിക്കുന്ന ഒരു ശൈലിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Also Read: അല്ലു അർജുന്റെ ആ രണ്ട് ഹിറ്റുകൾ വീണ്ടും വരുന്നു…!
“എന്തെല്ലാം പ്രതിസന്ധികൾ വന്നാലും ഞാൻ നേരിട്ടുകൊള്ളാം, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്കാണ്” എന്ന ഉറച്ച മനോഭാവമാണ് ഈ ഡയലോഗ് പങ്കുവെക്കുന്നത്. വളരെ കാഷ്വലായ ഒരു ആറ്റിറ്റ്യൂഡിലൂടെ വലിയൊരു ആത്മവിശ്വാസം ഇത് പകരുന്നുണ്ടെന്ന് മോഹൻലാൽ പറയുന്നു. 2000-ൽ പുറത്തിറങ്ങി മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ നരസിംഹത്തിലെ ഈ സംഭാഷണം രചിച്ചത് രഞ്ജിത്താണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. ഇന്നും ആരാധകർക്കിടയിൽ ഈ ഡയലോഗ് ചർച്ചയാകുന്നത് അതിന്റെ പിന്നിലെ ഈ ‘ലൈഫ് ഫിലോസഫി’ കൊണ്ടാണെന്ന് താരം കൂട്ടിച്ചേർത്തു.
ഈ ഡയലോഗിന്റെ പിറവിക്ക് പിന്നിൽ കോഴിക്കോട്ടെ ഒരു രസകരമായ അനുഭവമുണ്ടെന്ന് സംവിധായകൻ ഷാജി കൈലാസ് വെളിപ്പെടുത്തുന്നു. കോഴിക്കോട് ക്ലബിൽ വിശ്രമിക്കുന്ന വേളയിൽ അവിടെയുള്ള ഒരാൾ എല്ലാവരെയും ‘ദിനേശാ’ എന്ന് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഷാജി കൈലാസും രഞ്ജിത്തും അത് സിനിമയിൽ പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്ദുചൂഡന്റെ ട്രേഡ് മാർക്ക് ഡയലോഗായി ഇത് മാറിയത്. അതുപോലെ തന്നെ ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ വാചകമായ ‘വാകസ്തേ’ എന്ന സംഭാഷണത്തിന് പിന്നിലും ഒരു കഥയുണ്ട്. ഷൂട്ടിംഗ് സെറ്റിൽ തന്നെ കാണാൻ വന്ന മലപ്പുറത്തെ കുറച്ച് ആരാധകരുടെ ആഗ്രഹപ്രകാരമാണ് ഈ വാചകം സിനിമയിൽ ഉൾപ്പെടുത്തിയതെന്ന് ഷാജി കൈലാസ് ഓർക്കുന്നു.
ആരാധകരുടെ ചെറിയൊരു ആഗ്രഹത്തെ അതിശക്തമായ ഇംപാക്റ്റോടെ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചുവെന്നതാണ് ആ രംഗത്തിന്റെ വിജയം. സ്ഫടികം ജോർജിന്റെ കഥാപാത്രത്തിന് നേരെ വിരൽ ചൂണ്ടി ലാലേട്ടൻ ‘വാകസ്തേ’ എന്ന് പറഞ്ഞപ്പോൾ അത് തിയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കി. ഒരു നടൻ എന്ന നിലയിൽ തിരക്കഥയിലുള്ളതിനപ്പുറം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഇംപാക്ട് നൽകാൻ മോഹൻലാലിന് കഴിയുമെന്നതിന്റെ തെളിവാണ് ഇത്തരം ഹിറ്റ് ഡയലോഗുകളെന്ന് ഷാജി കൈലാസ് സാക്ഷ്യപ്പെടുത്തുന്നു. കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ സിനിമാ ആവേശമായി ഈ സംഭാഷണങ്ങൾ ഇന്നും നിലനിൽക്കുന്നു.
The post ‘എന്തും വരട്ടെ, ഞാൻ നേരിടും’; ‘നീ പോ മോനെ ദിനേശാ’ എന്ന മാസ് ഡയലോഗിന്റെ പൊരുൾ വെളിപ്പെടുത്തി മോഹൻലാൽ appeared first on Express Kerala.



