ദക്ഷിണ കൊറിയയെ അപകടത്തിലാക്കി അമേരിക്ക, ഇറാനെ ഭയന്ന് താഡ് സംവിധാനം എടുത്ത് കൊണ്ടുപോയി !

ദക്ഷിണ കൊറിയയെ അപകടത്തിലാക്കി അമേരിക്ക, ഇറാനെ ഭയന്ന് താഡ് സംവിധാനം എടുത്ത് കൊണ്ടുപോയി !

റാനുമായുള്ള യുദ്ധം, അമേരിക്കയുടെ സഖ്യകക്ഷികളുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന രൂപത്തിലേക്കാണ് ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ദക്ഷിണ കൊറിയയാണ് നിലവിൽ ഇത്തരം സുരക്ഷാ ഭീഷണി നേരിടുന്ന പ്രധാന രാജ്യം. ഉത്തര കൊറിയയിൽ നിന്നും ആക്രമണം പേടിച്ച് കഴിയുന്ന ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്കായി അമേരിക്ക സ്ഥാപിച്ച
മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങളാണ് അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് മാറ്റുന്നത്. ഇത് സംബന്ധിച്ച വാർത്ത വാഷിംഗ്ടൺ പോസ്റ്റും ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികളുമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ യുദ്ധം ആരംഭിച്ച് 12 ദിവസങ്ങൾക്കുള്ളിലാണ് ഈ നീക്കമുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജോർദാനിൽ സ്ഥാപിച്ചിരുന്ന, ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് അഥവാ താഡ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന റഡാർ ഇറാൻ നശിപ്പിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. അമേരിക്കയുടെ പുതിയ നീക്കം അവരുടെ മറ്റ് സഖ്യകക്ഷികളെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. അമേരിക്കയെ വിശ്വസിച്ച് മുന്നോട്ട് പോയാൽ രാജ്യം തന്നെ അപകടത്തിൽ ആകുമെന്ന ആശങ്കയും സഖ്യ രാജ്യങ്ങളിൽ പ്രകടമാണ്.

ആണവായുധ രാജ്യമായ ഉത്തരകൊറിയയിൽ നിന്നുള്ള ഭീഷണികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി 2017 ലാണ് താഡിനെ ആദ്യമായി ദക്ഷിണ കൊറിയയിൽ അമേരിക്ക വിന്യസിച്ചിരുന്നത്. പുതിയ പശ്ചാത്തലത്തിൽ അനുകൂല സാഹചര്യം മുതലെടുത്ത് ദക്ഷിണ കൊറിയയെ ഉത്തര കൊറിയ ആക്രമിക്കുമോ എന്ന ഭീതിയിലാണ് ദക്ഷിണ കൊറിയൻ ഭരണാധികാരികൾ ഉള്ളതെന്നാണ് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 20ന് മുൻപ് താഡ് സിസ്റ്റത്തിന്റെ ഭാഗങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റുമെന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് ഇന്ത്യയുടെ നയതന്ത്ര കരുത്ത്; ജയ്ശങ്കർ-അരാഗ്ച്ചി സംഭാഷണങ്ങൾ നൽകുന്ന സൂചനകൾ!

അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ഇറാൻ്റെ ആക്രമണം കടുക്കുകയും അമേരിക്കൻ ഇന്ധന വിമാനം ഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങൾ ഇറാൻ തകർക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കയെ താഡിൻ്റെ പുനർ വിന്യാസം നിർബന്ധിതമാക്കിയിരിക്കുന്നത്. മാത്രമല്ല മേഖലയിലെ രണ്ട് വിമാന വാഹിനി കപ്പലുകൾക്ക് നേരെയും ഇറാൻ്റെ ആക്രമണമുണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇറാനിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി അനവധി ഇസ്രയേലി അമേരിക്കൻ സൈനിക താവളങ്ങളും ഇറാൻ ആക്രമിച്ച് തകർത്തിട്ടുണ്ട്. ഇറാന്റെ കൈവശം എത്ര മിസൈലുകൾ ഉണ്ടെന്ന് കൃത്യമായി അറിയില്ലന്നാണ് പ്രമുഖ അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ കണക്കനുസരിച്ച് ഇതുവരെ 500 ലധികം ബാലിസ്റ്റിക് മിസൈലുകൾ അവർ വിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ട്.

അവയിൽ മിക്കതും തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, നല്ലൊരു ശതമാനം വീണ് പൊട്ടിയുട്ടുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇതേ രൂപത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ ആക്രമണത്തിൻ്റെ അളവ് അമേരിക്കയുടെ സൈനിക ഇൻവെന്ററിയെ ബുദ്ധിമുട്ടിക്കുന്നുണ്ടാകാമെന്നാണ് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ കൂടുതൽ രാജ്യങ്ങളെ കെണിയിലാക്കുന്ന ഒരു യുദ്ധത്തിന് ഇറാൻ തയ്യാറെടുക്കുന്നതിനാൽ ഈ അവസ്ഥ കൂടുതൽ അപകടകരമായ നിലയിൽ തുടരാനാണ് സാധ്യതയെന്നാണ് അവർ വിശ്വസിക്കുന്നത്.

അതുകൊണ്ടു കൂടിയാണ് ഉയർന്ന ഉയരത്തിലുള്ള മിസൈലുകളെ തടയുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള താഡ് മാറ്റി സ്ഥാപിക്കാൻ അമേരിക്ക തയ്യാറിയിരിക്കുന്നത്. എന്നാൽ അമേരിക്കയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് നിർണായകമായ ഈ താഡും ഇസ്രയേലിൻ്റെ അയൺ ഡോമും ഇറാൻ പലയിടത്തും തകർത്തിട്ടുണ്ട് എന്നതിനാൽ, ദക്ഷിണ കൊറിയയിൽ നിന്നും ഈ സംവിധാനം മാറ്റി സ്ഥാപിച്ചത് കൊണ്ട് അമേരിക്ക ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. മാർച്ച് മാസം ആദ്യം വന്ന റിപ്പോർട്ടുകൾ പ്രകാരം, ജോർദാനിൽ നിലവിലുള്ള താഡ് സിസ്റ്റത്തിന്റെ 300 മില്യൺ ഡോളർ വിലവരുന്ന റഡാർ സംവിധാനമാണ് ഇറാൻ തകർത്ത് കളഞ്ഞിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ മിസൈൽ വിരുദ്ധ സംവിധാനത്തിൽ ആറ് ഘടിപ്പിച്ച ലോഞ്ചറുകളും ഓരോ ലോഞ്ചറിലും എട്ട് ഇന്റർസെപ്റ്ററുകളും കണ്ടെത്തുന്നതിനുള്ള ഒരു റഡാർ സംവിധാനവും ഉൾപ്പെടുന്നുണ്ട്.

ഹിറ്റ്-ടു-കിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിന് ഹ്രസ്വ ഇടത്തരം ബാലിസ്റ്റിക് മിസൈലുകളെ വെടിവയ്ക്കാൻ കഴിയുന്നതാണ്. അതായത്, വരുന്ന വാർഹെഡിനെ ഗതികോർജ്ജം നശിപ്പിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറം, ഉയർന്ന ഉയരത്തിൽ പോലും ഇത് ചെയ്യാൻ കഴിയും എന്നതും താഡിൻ്റെ പ്രത്യേകതയാണ് ദക്ഷിണ കൊറിയയെ സംബന്ധിച്ച് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. കാരണം ഒരു ആണവ വാർഹെഡിനെ തടസ്സപ്പെടുത്താനും നശിപ്പിക്കാനും ഇത് ഉപയോഗിക്കാൻ സാധിക്കും. അതാണ് അമേരിക്ക ഒരു മുന്നറിയിപ്പും നൽകാതെ എടുത്ത് കൊണ്ടു പോയിരിക്കുന്നത്.

Also Read: ഇറാൻ തകർത്തത് 730 കോടിയുടെ അമേരിക്കൻ വിമാനം; സൈനിക കരുത്തിന് മുന്നിൽ പതറി അമേരിക്ക!

ഒരു താഡ് സിസ്റ്റം അഥവാ ബാറ്ററി എന്ന് പറയുന്നതിന് തന്നെ ഏകദേശം 1 ബില്യൺ ഡോളറാണ് ചിലവാകുക. കൂടാതെ ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ ഏകദേശം 100 പേരുടെ ഒരു സംഘവും ആവശ്യമാണ്. ആഗോളതലത്തിൽ അമേരിക്കയിൽ ആകെ എട്ട് എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ, അതിൽ രണ്ടെണ്ണം മിഡിൽ ഈസ്റ്റിലാണുള്ളത്. അതാകട്ടെ ജോർദാനിലും ഇസ്രയേലിലുമാണ്. ഇതിന് പുറമെ യുഎഇയും സൗദി അറേബ്യയും ചേർന്ന് ഈ മേഖലയിൽ മൂന്നെണ്ണം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ ജോർദാനിലേത് ഇറാൻ തകർത്തതായി അമേരിക്ക തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ചിലത് കൂടി കേട് പാട് പറ്റിയതായ ഞെട്ടിക്കുന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഇതാണ് മറ്റ് രാജ്യങ്ങളിൽ സ്ഥാപിച്ച താഡിനെ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടു വരുവാൻ അമേരിക്കയെ പ്രേരിപ്പിച്ചിരിക്കുന്നത്. അതേസമയം, ആക്രമണം കൂടുതൽ കടുപ്പിച്ച ഇറാൻ ഒരു മിസൈൽ പ്രതിരോധ സംവിധാനത്തിനും തങ്ങളുടെ ആക്രമണത്തെ തടഞ്ഞു നിർത്താൻ കഴിയില്ലന്നാണ് വെല്ലുവിളിച്ചിരിക്കുന്നത്.

See also  “കവിനൊപ്പം റൊമാന്റിക് വേഷത്തിൽ നയൻതാര”; ‘ഹായ്’ ഏപ്രിലിൽ തിയേറ്ററുകളിലേക്ക്

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Express View

വീഡിയോ കാണാം

The post ദക്ഷിണ കൊറിയയെ അപകടത്തിലാക്കി അമേരിക്ക, ഇറാനെ ഭയന്ന് താഡ് സംവിധാനം എടുത്ത് കൊണ്ടുപോയി ! appeared first on Express Kerala.

Spread the love

New Report

Close