
വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങവേ ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയെ അമേരിക്ക ബോംബിട്ടു തകർത്ത സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്ത്യയുടെ സ്വാധീന മേഖലയിൽ വെച്ച് നടന്ന ഈ ആക്രമണത്തിൽ നൂറിലധികം ക്രൂ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ ഇന്ത്യ നൽകിയ പിന്തുണയെ പ്രകീർത്തിച്ചുകൊണ്ട് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി രംഗത്തെത്തി. ‘ഇന്ത്യാ ടുഡേ കോൺക്ലേവ് 2026’-ൽ സംസാരിക്കവെ, പ്രതിസന്ധി ഘട്ടത്തിൽ ഇറാനിയൻ കപ്പലുകളുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാർ നൽകിയ സഹായങ്ങൾ വളരെ വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റ് ചില രാജ്യങ്ങൾ സഹകരിക്കാൻ വിസമ്മതിച്ചപ്പോഴും ഇറാൻ്റെ അഭ്യർത്ഥനകൾ മാനിച്ച് ഇന്ത്യ ക്രിയാത്മകമായി ഇടപെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ആക്രമണത്തിന് വരും ദിവസങ്ങളിൽ കൃത്യമായ മറുപടി നൽകുമെന്നും ഇറാൻ ഒരു നടപടിയും സ്വീകരിക്കാതെ പിന്മാറില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിൻ്റെ ഭാഗമായുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും ഉടൻ തന്നെ ശുഭവാർത്ത കേൾക്കാമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
Also Read:ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകളെ വിന്യസിക്കാൻ ട്രംപിന്റെ ആഹ്വാനം; ലോകശക്തികൾ അണിനിരക്കുന്നു?
ഐറിസ് ദേന ആക്രമിക്കപ്പെട്ട അതേദിവസം തന്നെ മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ലവന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ മാതൃകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരിൽ അത്യാവശ്യമില്ലാത്ത അമ്പതോളം പേരെ ശനിയാഴ്ച ഇന്ത്യ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചയച്ചു. യുദ്ധക്കപ്പൽ ഇപ്പോഴും കൊച്ചിയിൽ തുടരുകയാണ്. ഫെബ്രുവരി അവസാനം ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് മുൻപേ ഇന്ത്യയിലെത്തിയതായിരുന്നു ഈ രണ്ട് കപ്പലുകളും.
The post ഇറാനിയൻ കപ്പൽ തകർത്ത സംഭവം! ഇന്ത്യ നൽകിയ സഹായത്തെ പ്രകീർത്തിച്ച് ഇറാൻ അംബാസഡർ appeared first on Express Kerala.




