
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിച്ച ഒരു ഡിജിറ്റൽ സന്ദേശം പങ്കുവെച്ചുകൊണ്ട് ഇറാന്റെ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. “മുഖം ചെറുതായി മാറിയേക്കാം, പക്ഷേ ഇറാനിയൻ ഭീകര ഭരണകൂടം അങ്ങനെയല്ല” എന്നായിരുന്നു ടൈംസ് സ്ക്വയറിലെ പരസ്യത്തിൽ കുറിച്ചിരുന്നത്. ഇറാന്റെ ഭരണകൂട സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഓർമ്മിപ്പിക്കാനാണ് ഇസ്രയേൽ ഈ സന്ദേശം സോഷ്യൽ മീഡിയയിലൂടെ വീണ്ടും പങ്കുവെച്ചത്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി തന്റെ പിതാവായ അലി ഖമേനിയുടെ അതേ കർക്കശമായ നിലപാടുകളാണ് പിന്തുടരുന്നതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം എക്സിലെ പോസ്റ്റിൽ ആരോപിച്ചു. ഭരണത്തലവന്മാർ മാറിയാലും അടിച്ചമർത്തൽ, യുദ്ധം, രക്തച്ചൊരിച്ചിൽ എന്നീ നയങ്ങളിൽ ഇറാൻ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും ഭരണകൂടത്തിന്റെ അടിത്തറ ഇന്നും പഴയതുപോലെ തന്നെ തുടരുകയാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
ഇറാൻ ഭരണകൂടം പ്രാദേശികമായും ആഗോളതലത്തിലും നടത്തുന്ന ഇടപെടലുകളെ ഭീകരവാദമായാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്. പുതിയ നേതൃത്വത്തിന് കീഴിലും ഇറാൻ സംഘർഷങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണിത്.
The post മുഖം മാറിയാലും ഭീകരത മാറില്ല! മുജ്തബ ഖമേനിക്കെതിരെ ഇസ്രയേലിന്റെ കടുത്ത ആരോപണം appeared first on Express Kerala.




