
പതിനാലാം വയസ്സിൽ ഐപിഎൽ പിച്ചുകളെ വിറപ്പിച്ച യുവവിസ്മയം വൈഭവ് സൂര്യവംശിക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വരാനിരിക്കുന്ന 2026 ഐപിഎൽ സീസണിന് മുന്നോടിയായാണ് വൈഭവ് ഇനിയും ഏറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഭാഗ്യം എപ്പോഴും തുണയ്ക്കില്ലെന്നും ഉത്തപ്പ ഓർമ്മിപ്പിച്ചത്. കഴിഞ്ഞ 12 മാസമായി വൈഭവിന്റെ പ്രകടനം താൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും താരം ഒരു അത്ഭുത പ്രതിഭാസമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും ഉത്തപ്പ പറഞ്ഞു. എന്നാൽ വൈഭവിന്റെ ബാറ്റിംഗിൽ പലപ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും, കഴിഞ്ഞ സീസണിലെ പ്രകടനം ഇത്തവണ ആവർത്തിക്കുക അത്ര എളുപ്പമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന സീസൺ യുവതാരത്തിന് വലിയൊരു പാഠപുസ്തകമായിരിക്കുമെന്നാണ് ഉത്തപ്പയുടെ വിലയിരുത്തൽ.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി സ്വപ്നതുല്യമായ അരങ്ങേറ്റമാണ് വൈഭവ് നടത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ച താരം, ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ സെഞ്ച്വറി തികച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. 2025 സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 206.55 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 252 റൺസാണ് താരം അടിച്ചുകൂട്ടിയത്. അണ്ടർ-19 ലോകകപ്പിലെ മികച്ച പ്രകടനവും താരത്തിന്റെ മൂല്യം വർദ്ധിപ്പിച്ചു.
ഐപിഎൽ 2026-ലേക്ക് എത്തുമ്പോൾ വലിയ മാറ്റങ്ങളാണ് രാജസ്ഥാൻ റോയൽസ് നിരയിലുള്ളത്. സഞ്ജു സാംസൺ ടീം വിട്ടതോടെ യുവതാരം റിയാൻ പരാഗാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ സാന്നിധ്യം ടീമിന് കൂടുതൽ കരുത്തേകുന്നു. യശസ്വി ജയ്സ്വാളിനൊപ്പം വൈഭവ് തന്നെയാകും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നാണ് ആരാധകരുടെ പ്രതീക്ഷ. 15 വയസ്സ് തികയുന്ന ഈ സീസണിൽ ഉത്തപ്പയുടെ വിമർശനങ്ങൾക്കും ആശങ്കകൾക്കും ബാറ്റ് കൊണ്ട് വൈഭവ് മറുപടി നൽകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
The post ‘വൈഭവ് ഇനിയും പഠിക്കാനുണ്ട്, ഭാഗ്യം എപ്പോഴും തുണയ്ക്കില്ല’; റോബിൻ ഉത്തപ്പയുടെ മുന്നറിയിപ്പ് appeared first on Express Kerala.




