
ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ദുരൂഹത വർദ്ധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം. മുജ്തബ നിലവിൽ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പ്രതികരിച്ചത്. ഫെബ്രുവരി 28-ന് ഇറാനിൽ നടന്ന അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം പുറത്തുവരുന്നത്.
“അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. ആക്രമണത്തിന് ശേഷം ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം കൊല്ലപ്പെട്ടതായാണ് ഞാൻ കേൾക്കുന്നത്. ഇനി ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ, രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്യേണ്ട ബുദ്ധിപരമായ നീക്കം കീഴടങ്ങുക എന്നതാണ്,” ട്രംപ് പറഞ്ഞു. എന്നാൽ മുജ്തബ ഏതോ രൂപത്തിൽ അതിജീവിച്ചിട്ടുണ്ടാകാമെന്ന് ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ ട്രംപ് സൂചിപ്പിച്ചു. അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടാകാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Also Read:മുഖം മാറിയാലും ഭീകരത മാറില്ല! മുജ്തബ ഖമേനിക്കെതിരെ ഇസ്രയേലിന്റെ കടുത്ത ആരോപണം
മുൻ നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനത്തിന് ശേഷം മുജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. ബോംബാക്രമണത്തിൽ അദ്ദേഹത്തിന്റെ പാദത്തിന് ഒടിവുണ്ടായെന്നും കണ്ണിന് ക്ഷതമേറ്റെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മുജ്തബയുടെ പേരിൽ കഴിഞ്ഞ ദിവസം ഇറാൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് തടയുമെന്നും അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾ രംഗത്തിറങ്ങണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, മുജ്തബയുടെ അഭാവം മറികടക്കാൻ സർക്കാർ മാധ്യമങ്ങൾ എഐ നിർമിത വീഡിയോകൾ പ്രചരിപ്പിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
The post ‘മുജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ?’ ഇറാൻ നേതാവിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ് appeared first on Express Kerala.




