പി ശശിയെ മുഖ്യമന്ത്രിയും കൈവിട്ടു, പാർട്ടിയും കൈവിട്ടു, ഇനി ഒന്നുമല്ല, പാർട്ടി നടപടി പിന്നാലെ വരും ?

പി ശശിയെ മുഖ്യമന്ത്രിയും കൈവിട്ടു, പാർട്ടിയും കൈവിട്ടു, ഇനി ഒന്നുമല്ല, പാർട്ടി നടപടി പിന്നാലെ വരും ?

ലശ്ശേരിയിൽ നിന്നും നിയമസഭയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.കെ ശശിക്ക് സീറ്റ് നിഷേധിച്ചത് അണികളുടെ മാത്രമല്ല നേതാക്കളുടെയും എതിർപ്പ് ഭയന്നാണ് എന്ന് സൂചന.

ശശി മത്സരിച്ചാൽ അത് 140 മണ്ഡലങ്ങളിലും ഇടതുപക്ഷത്തിൻ്റെ സാധ്യതയെ ബാധിക്കുമെന്ന മുന്നറിയിപ്പ് മുതിർന്ന നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ നൽകിയതോടെയാണ് അവസാന നിമിഷം ശശിയുടെ പേര് വെട്ടിപോയിരിക്കുന്നത്. ശശിയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ശശിയെ കൈവിടുകയാണ് ഉണ്ടായത്.

പി ശശി തലശ്ശേരിയിൽ നിന്നും മത്സരിക്കുമെന്നും, ഇടതുപക്ഷത്തിന് മൂന്നാമതും ഊഴം ലഭിച്ചാൽ ആഭ്യന്തര മന്ത്രിയാകുമെന്നുമുള്ള അഭ്യൂഹം ശശിയുടെ അനുകൂലികളായ ചിലരാണ് പടച്ച് വീട്ടിരുന്നത്. ഈ പ്രചരണവും ശശിയെ തിരിഞ്ഞു കുത്തി എന്നു വേണം കരുതാൻ.

പി ശശി തലശ്ശേരിയിൽ മത്സരിച്ചാൽ, സിപിഎം പ്രവർത്തകർ തന്നെ തോൽപ്പിക്കാൻ രംഗത്തിറങ്ങുമെന്ന സന്ദേശം ചില നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ഇതും നേതൃത്വം പരിഗണിച്ചു എന്നു വേണം മനസ്സിലാക്കാൻ. ഒടുവിൽ ഇപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജനാണ് തലശ്ശേരിയിൽ നറുക്ക് വീണിരിക്കുന്നത്.

സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ പി ശശി മുൻപ് ഇകെ നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഇതിനു ശേഷം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കുകയുണ്ടായി.

എന്നാൽ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പെരുമാറ്റദൂഷ്യം സംബന്ധിച്ച പരാതിയെ തുടർന്ന് ശശിയെ 2011-ൽ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കുകയാണ് ഉണ്ടായത്. 2018-ൽ ആണ് പിന്നീട് ശശിയെ തിരിച്ചെടുത്തിരുന്നത്. ഇതിനു ശേഷം കണ്ണൂർ ജില്ലാ കമ്മറ്റിയിലേക്കും സംസ്ഥാന കമ്മറ്റിയിലേക്കും വളരെ പെട്ടന്നാണ് ശശിക്ക് പരിഗണന ലഭിച്ചിരുന്നത്. ഈ പരിഗണനയിൽ സി പി എമ്മിൽ കടുത്ത അതൃപ്തി നിലനിൽക്കെയാണ് രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതല നൽകിയിരുന്നത്.

ഈ സെലക്ഷൻ മുഖ്യമന്ത്രി പിണറായി വിജയന് പറ്റിയ വലിയ തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതാണ് പൊലീസിന് എതിരെ രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് ഉയർന്നു വന്ന ആരോപണങ്ങൾ എന്നതും ശ്രദ്ധേയമാണ്. സി.പി.എം പ്രവർത്തകർക്കും നേതാക്കൾക്കും പോലും പൊലീസ് സ്റ്റേഷനിൽ നിന്നും നീതികിട്ടാത്ത സാഹചര്യം ഉണ്ടായതും പി ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയതോടു കൂടിയാണ്.

സി.പി.എം നേതൃത്വത്തിൻ്റെ താൽപര്യം പരിഗണിക്കാതെ നടത്തിയ പൊലീസിലെ നിയമനങ്ങൾ സംബന്ധിച്ചും നിരവധി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. പനമ്പള്ളി നഗറിലെ അഭിഭാഷക ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ചില ഇടപാടുകൾ സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി ലഭിക്കുന്ന സാഹചര്യംപോലുമുണ്ടായി.

പാർട്ടി നേതാക്കളുടെ അതൃപ്തി തള്ളിയാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ വയ്ക്കാൻ താൽപര്യപ്പെട്ടത് എന്നതും, സർക്കാറിൻ്റെ അവസാന കാലയളവിൽ പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റിയാൽ അത് വലിയ രാഷ്ട്രീയ ചർച്ചക്ക് കാരണമാകുമെന്നുമുള്ള കാരണത്താലുമാണ് ശശിയെ മാറ്റാതിരുന്നത് എന്നാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ തന്നെ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം ശശിക്ക് എതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് സൂചനയും സി.പി.എം കേന്ദ്രങ്ങൾ നൽകുന്നുണ്ട്. പ്രമുഖ സി.പി.എം നേതാവ് തന്നെയാണ് ഇതു സംബന്ധമായ സൂചന നൽകിയിരിക്കുന്നത്. ഇതോടെ ഒരു കാര്യം എന്തായാലും ഉറപ്പായിരിക്കുകയാണ് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടായാൽ പോലും പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി എന്തായാലും ഇനി നിയമിക്കപ്പെടുകയില്ല. പാർട്ടി അന്വേഷണത്തെ നേരിടേണ്ടതായും വരും.

അതേസമയം, യുഡിഎഫാണ് അധികാരത്തിൽ വരുന്നതെങ്കിൽ, അവസരം ലഭിച്ചാൽ ശശി ചെയ്ത ‘ദ്രോഹങ്ങൾക്ക് ‘ കണക്ക് ചോദിക്കാൻ കാത്ത് നിൽക്കുന്നത് പൊലീസ് സേനയിലെ ഐ.പി.എസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയാണ്. ഇതിനാവശ്യമായ പല വിവരങ്ങളും അവരും ഇതിനകം തന്നെ ശേഖരിച്ചു വച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

staff reporter

The post പി ശശിയെ മുഖ്യമന്ത്രിയും കൈവിട്ടു, പാർട്ടിയും കൈവിട്ടു, ഇനി ഒന്നുമല്ല, പാർട്ടി നടപടി പിന്നാലെ വരും ? appeared first on Express Kerala.

Spread the love
Scroll to Top