
കോഴഞ്ചേരി: വീട്ടമ്മയുടെ മാല പൊട്ടിച്ച് പമ്പയാറ്റിൽ ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി പോലീസ്. തെക്കേമല കുറുന്താർ സ്വദേശി രാജേഷിനെയാണ് ആറന്മുള പോലീസ് പുഴയിൽ വെച്ച് കീഴ്പ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ കോഴഞ്ചേരി പുതിയ പാലത്തിന് സമീപമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കോഴഞ്ചേരി സ്വദേശിനി പ്രസന്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, വീട്ടമ്മയുടെ വായ പൊത്തിപ്പിടിച്ച ശേഷം നാല് പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻതന്നെ ആറന്മുള എസ്.ഐ. ആഷിൽ രവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പ്രതി സമീപത്തെ കാട്ടിൽ ഒളിച്ചിരിപ്പുണ്ടെന്ന നാട്ടുകാരുടെ സൂചനയെത്തുടർന്ന് പോലീസ് തിരച്ചിൽ ശക്തമാക്കി.
Also Read: മീൻപിടുത്തത്തിന്റെ മറവിൽ ലഹരിവിൽപ്പന; കഞ്ചാവ് എത്തിച്ചുകൊടുത്ത രണ്ടാം പ്രതിയെ പൊക്കി പോലീസ്
പോലീസ് കാടിളക്കി പരിശോധന തുടങ്ങിയതോടെ പ്രതി പമ്പയാറ്റിലേക്ക് ചാടി അക്കരയ്ക്ക് നീന്തി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഒട്ടും വൈകാതെ സി.പി.ഒ.മാരായ എം.എ. അഖേഷും ജി. കിരണും പുഴയിലേക്ക് ചാടി പ്രതിയെ പിന്തുടർന്നു. പുഴയുടെ മധ്യഭാഗത്തുവെച്ച് പ്രതിയെ കീഴ്പ്പെടുത്തിയെങ്കിലും കരയ്ക്കെത്തിക്കാൻ പോലീസുകാർക്ക് കഠിനപ്രയത്നം നടത്തേണ്ടി വന്നു. ബലപ്രയോഗത്തിനിടെ പാറയിൽ തട്ടി എസ്.ഐ. ആഷിൽ രവിയുടെ കാലിന് ഒടിവുണ്ടായി. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
പിടികൂടിയ രാജേഷിനെ സ്റ്റേഷനിലെത്തിച്ചപ്പോൾ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. നഷ്ടപ്പെട്ട സ്വർണ്ണമാല കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post പമ്പയാറ്റിൽ ‘നീന്തിക്കളിച്ച്’ കള്ളൻ; വിടാതെ പിന്തുടർന്ന് പോലീസ് appeared first on Express Kerala.




