
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ നടത്തിയ ആക്രമണം ചൈനയെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തി. ഇറാനിൽ നിന്നുള്ള ആകെ എണ്ണക്കയറ്റുമതിയുടെ 91 ശതമാനവും ചൈനയിലേക്കാണ് പോകുന്നത് എന്നതിനാലാണ് ഈ നീക്കം ബെയ്ജിംഗിനെ ആശങ്കയിലാഴ്ത്തുന്നത്. നിലവിൽ തന്നെ ചൈനയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പ്രധാന വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷം ശക്തമായതോടെ ചൈനയിലെ ഇന്ധനവില കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. പ്രതിദിനം ഏകദേശം 1.38 ദശലക്ഷം ബാരൽ എണ്ണയാണ് ചൈന ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾക്കൊപ്പം ഖാർഗ് ദ്വീപിലെ നാശനഷ്ടങ്ങൾ കൂടി ചേരുന്നതോടെ ചൈനയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയരുന്നത്. ഇറാനിൽ നിന്നുള്ള വിതരണം തടസ്സപ്പെടുന്നത് ചൈനയുടെ വ്യവസായ മേഖലയെയും ഗതാഗതത്തെയും ഒരുപോലെ ബാധിക്കും.
Also Read: ഇറാനെ കുടുക്കാൻ 9/11 മാതൃകയിൽ വ്യാജ ആക്രമണ പദ്ധതി? വെളിപ്പെടുത്തലുമായി അലി ലറിജാനി
യുദ്ധം ശക്തമായതോടെ ഇന്ധനം ലഭിക്കില്ലെന്ന ഭീതിയിൽ ചൈനയിലെ ജനങ്ങൾ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുമായി നീണ്ട നിരയിലാണ്. ആഭ്യന്തര വിപണിയിൽ എണ്ണലഭ്യത ഉറപ്പുവരുത്തുന്നതിനായി, ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിക്ക് ചൈന താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുദ്ധം നീണ്ടുപോയാൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ചൈനയുടെ സാമ്പത്തിക അടിത്തറയെ തന്നെ ഇത് ഉലച്ചേക്കാം.
The post ഇറാന്റെ ഖാർഗ് ദ്വീപിൽ അമേരിക്കൻ ആക്രമണം; എണ്ണവിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ ചൈന appeared first on Express Kerala.




