
തൃശൂർ നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിപിഐ വിമതൻ സി.സി. മുകുന്ദൻ എംഎൽഎയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഔദ്യോഗികമായി തീരുമാനിച്ചു. സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ച കോൺഗ്രസ്, സുനിൽ ലാലൂരിനെയാണ് മത്സരരംഗത്തിറക്കുന്നത്.
പിന്തുണ തേടി മുകുന്ദൻ ഡൽഹിയിലെത്തി കോണ്ഗ്രസ് നേതാക്കളെ കണ്ടെങ്കിലും ഫലമുണ്ടായില്ല. സിപിഐ ഉപേക്ഷിച്ച മുകുന്ദനെ സ്വീകരിക്കുന്നത് ഗുണകരമാകില്ലെന്ന പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ശക്തമായ സമ്മർദ്ദമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. സിപിഐ പുറത്താക്കിയ ഒരാളെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്നും, നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥി വേണമെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഉറച്ച നിലപാടെടുത്തു. സിറ്റിംഗ് എംഎൽഎയായിരുന്നിട്ടും നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി ഗീതാ ഗോപിക്കെതിരെ പേയ്മെന്റ് സീറ്റ് ആണെന്ന ആരോപണത്തിന് പിന്നാലെയാണ് മുകുന്ദനെ പാർട്ടി പുറത്താക്കിയത്. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സി.സി. മുകുന്ദൻ വ്യക്തമാക്കിയിരുന്നു.
The post നാട്ടികയിൽ മുകുന്ദന് ‘കൈ’ കൊടുക്കാതെ കോൺഗ്രസ്; സുനിൽ ലാലൂർ സ്ഥാനാർത്ഥിയായേക്കും appeared first on Express Kerala.




