
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ഭാഗികമായ തുടരന്വേഷണത്തിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. പ്രധാനമായും നാല് കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു. കേസിലെ പ്രതിയായ പി.പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുത്ത് പരിശോധിക്കണമെന്നുമാണ് കോടതിയുടെ പ്രധാന നിർദ്ദേശം. പ്രതിയുടെ ഫോൺ ശാസ്ത്രീയമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനും കോടതി ഉത്തരവിട്ടു.
നിലവിലെ കുറ്റപത്രത്തിൽ 13 പ്രധാന പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചത്. പി.പി ദിവ്യയും പ്രശാന്തനും തമ്മിലുള്ള ഫോൺ കോളുകളും ചാറ്റുകളും അന്വേഷണ സംഘം കൃത്യമായി പരിശോധിച്ചിട്ടില്ലെന്നും, കൈക്കൂലി വാങ്ങിയെന്ന തരത്തിൽ വ്യാജ തെളിവുകൾ നിർമ്മിക്കാൻ ശ്രമം നടന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു. പ്രതി ഭരണകക്ഷിയുടെ ഭാഗമായതിനാൽ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വാദം കൂടി പരിഗണിച്ചാണ് കോടതി ഇപ്പോൾ നിർണ്ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
The post നവീൻ ബാബുവിന്റെ മരണം! പി.പി ദിവ്യയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ് appeared first on Express Kerala.




