
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിലവിൽ താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അമേരിക്കയ്ക്ക് കൂടുതൽ ഗുണകരമായ കരാർ വ്യവസ്ഥകൾ ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. എൻ.ബി.സി. ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരം പ്രകോപനങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പായാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു.
എണ്ണനീക്കം സുഗമമാക്കുന്നതിനായി ഇറാന്റെ തീരമേഖലകളിൽ ആക്രമണം ശക്തമാക്കുമെന്ന സൂചനയും ട്രംപ് നൽകി. ഇറാന്റെ പ്രധാന എണ്ണകേന്ദ്രമായ ഖാർഗിൽ വീണ്ടും ബോംബിടുമെന്നും ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രസ്താവന വിലപ്പോകില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള മുജ്താബ ഖമേനിയുടെ നിലനിൽപ്പിനെപ്പോലും ട്രംപ് ചോദ്യം ചെയ്തു. ഹോർമുസ് പ്രതിസന്ധി മൂലം ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലും വിട്ടുവീഴ്ചക്കില്ലെന്ന കർക്കശമായ നിലപാടിലാണ് അമേരിക്ക.
Also Tead: ‘എന്റെ വിരലുകൾ എണ്ണിക്കോളൂ’! കത്തിക്കയറിയ പ്രചാരണങ്ങൾക്കിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ
ഹോർമുസ് കടലിടുക്ക് വഴി പോകുന്ന എണ്ണക്കപ്പലുകൾക്ക് സംരക്ഷണമൊരുക്കാൻ മറ്റ് രാജ്യങ്ങളുടെ സഹായം ട്രംപ് തേടിയിട്ടുണ്ട്. ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന നിലപാടിലാണ്. ഇതിനിടെ, അമേരിക്കയും ഇസ്രയേലും ചേർന്ന് ഇതുവരെ ഇറാനിലെ 15,000-ത്തോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പെന്റഗൺ ഔദ്യോഗികമായി അറിയിച്ചു.
മറ്റു രാജ്യങ്ങൾ ഈ സംഘർഷത്തിൽ ഇടപെടുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് മേഖലയിലേക്ക് നാവിക സേനയെ അയക്കാനുള്ള നീക്കങ്ങളിൽ നിന്ന് വിദേശ രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നാണ് ഇറാന്റെ പക്ഷം.
The post യുദ്ധം തുടരുമെന്ന് ട്രംപ്; ഹോർമുസിൽ വിദേശ ഇടപെടൽ കാര്യങ്ങൾ വഷളാക്കുമെന്ന് ഇറാൻ appeared first on Express Kerala.




