
പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ റഷ്യയുടെയും ചൈനയുടെയും നേരിട്ടുള്ള സൈനിക സഹായം ഇറാനുണ്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു തുറന്നുപറച്ചിൽ ഉണ്ടാകുന്നത്. റഷ്യയും ചൈനയും തങ്ങളുടെ ‘തന്ത്രപ്രധാന പങ്കാളികൾ’ ആണെന്നും രാഷ്ട്രീയ, സാമ്പത്തിക മേഖലകൾക്ക് പുറമെ സൈനിക തലത്തിലും ഈ രാജ്യങ്ങൾ ഇറാന് കരുത്ത് പകരുന്നുണ്ടെന്നും അരാഗ്ചി വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ചിരുന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഇറാന്റെ പുതിയ വെളിപ്പെടുത്തൽ. സൈനിക സഹകരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം വിസമ്മതിച്ചെങ്കിലും, ഈ സഖ്യം യുദ്ധമുഖത്ത് ഇറാനെ ശക്തിപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Also Read: തിരിച്ചടിച്ച് ട്രംപ്; ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പുതിയ ‘നികുതിപ്പൂട്ട്’ വരുന്നു
അമേരിക്കയ്ക്കും യുഎഇയ്ക്കും മുന്നറിയിപ്പ്
ഇറാന്റെ എണ്ണക്കമ്പനികൾക്കോ ഊർജ്ജ സ്രോതസ്സുകൾക്കോ നേരെ ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ ഉടമസ്ഥതയിലുള്ള ആസ്തികൾക്ക് നേരെ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അരാഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കൻ കമ്പനികൾക്ക് ഓഹരിയുള്ള മേഖലയിലെ ഏത് ഊർജ്ജ ഇൻഫ്രാസ്ട്രക്ചറും തങ്ങളുടെ ലക്ഷ്യസ്ഥാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, യുഎഇയുടെ മണ്ണിൽ നിന്ന് അമേരിക്കയുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഹോർമൂസ് കടലിടുക്ക് ഉടൻ തുറക്കില്ല
ആഗോള ഇന്ധന വിപണിയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണമാണ് നിലപാട് കടുപ്പിക്കാൻ ഇറാനെ പ്രേരിപ്പിച്ചത്. ജനസാന്ദ്രതയുള്ള മേഖലകൾ ഉപയോഗിച്ച് ഇറാനെതിരെ റോക്കറ്റുകൾ വിക്ഷേപിക്കുന്നത് അപകടകരമാണെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
The post ഇറാന് പിന്നിൽ റഷ്യയും ചൈനയും; സൈനിക സഹായം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി, ട്രംപിന്റെ വാദം സത്യമാകുന്നു? appeared first on Express Kerala.




