കൈപ്പമംഗലം : യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ബോബ് അശ്വന്തിനെ (29) തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ഇയാൾ വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വലപ്പാട് കോടൻ വളവിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കൈപ്പമംഗലം ബോർഡിന് സമീപം സായി സർവീസ് സെന്ററിന് മുന്നിൽ നിന്ന ചാമക്കാല സ്വദേശി നിസാമുദ്ദീനെ (28) പ്രതി ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വൈകുന്നേരം നാലുമണി വരെ പ്രതിയുടെ വീട്ടിൽ തടവിൽ പാർപ്പിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം നിസാമുദ്ദീന്റെ 25,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നു. ഈ കേസിലെ മറ്റ് പ്രതികളായ ഫാസിൽ (30), സാബിത്ത് (34), ഹാരിസ് (30) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന് ശേഷം മുങ്ങിയ അശ്വന്ത് മൊബൈൽ ഫോൺ ഉപയോഗിക്കാതെ അതീവ ജാഗ്രതയിൽ എറണാകുളം, കണ്ണൂർ ജില്ലകളിലെ വിവിധ ഹോട്ടലുകളിൽ പാചകക്കാരനായി ജോലി ചെയ്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതി വലപ്പാട് ഭാഗത്ത് എത്തുന്നുണ്ടെന്ന രഹസ്യവിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അശ്വന്തിനെ വലയിലാക്കിയത്. അശ്വന്ത് കണ്ണൂർ തളിപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടുള്ള പ്രതിയാണ്.
ബോബ് എന്നറിയപ്പെടുന്ന അശ്വന്ത് ഈ കേസ്സു കൂടാതെ വലപ്പാട്, തളിപറമ്പ്, വടകര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, അഞ്ച് മോഷണക്കേസിലും പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, എസ് ഐ റിഷിപ്രസാദ്, ജി എ സ് സി പി ഒ ഡെൻസ്മോൻ, സുനിൽകുമാർ, സി പി ഒ മാരായ നിഷാന്ത്, സുർജിത്ത്, ജി എ എസ് ഐ അബിലാഷ്, സിപിഒ ശരത്ത്, സുജിത്ത്, വൈശാഖ് കൃഷ്ണ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



