
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തിരുവനന്തപുരം ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. ആകെ ബൂത്തുകൾ 3,173, 440 പുതിയ ബൂത്തുകളും 124 മാതൃകാ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും കിടപ്പുരോഗികൾക്കുമായി ഹോം വോട്ടിംഗ് സൗകര്യം ലഭ്യമാക്കും. ജില്ലയിൽ വോട്ടർ പട്ടികയിലുള്ള 24,000 കിടപ്പുരോഗികൾക്ക് മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെ വീട്ടിൽ വച്ച് തന്നെ വോട്ട് രേഖപ്പെടുത്താം. സിസിടിവി സൗകര്യത്തോടുള്ള 5 സംയോജിത ബോർഡർ ചെക്ക് പോസ്റ്റുകൾ. പോലീസ്, എക്സൈസ്, ആർടിഒ ഉദ്യോഗസ്ഥരുടെ സേവനം ഇവിടെയുണ്ടാകും.
Also Read: തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും
എല്ലാ മണ്ഡലങ്ങളിലും ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളുമായി 3 ഫ്ലയിംഗ് സ്ക്വാഡുകളും 3 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പ്രവർത്തിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഫോട്ടോ സഹിതം സി വിജിൽ ആപ്പ് വഴി പരാതി നൽകാം. സ്ഥാനാർത്ഥികളുടെ ബാങ്ക് ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. പ്രചാരണ ബാനറുകളിൽ പ്രിന്ററുടെയും പബ്ലിഷറുടെയും പേര് നിർബന്ധമാണെന്നും കളക്ടർ ഓർമ്മിപ്പിച്ചു.
The post തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; 3173 ബൂത്തുകൾ, പരാതികൾക്ക് സി-വിജിൽ ആപ്പ് appeared first on Express Kerala.




