
2026 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം മൊറോക്കോയ്ക്ക്. ജനുവരി 19-ന് നടന്ന ഫൈനലിൽ സെനഗൽ വിജയിച്ചിരുന്നെങ്കിലും, മത്സരത്തിനിടെയുണ്ടായ അച്ചടക്ക ലംഘനങ്ങളെത്തുടർന്നാണ് ആഫ്രിക്കൻ ഫുട്ബോൾ ഫെഡറേഷൻ സെനഗലിനെ അയോഗ്യരാക്കിയത്. ഇതോടെ രണ്ടാം സ്ഥാനക്കാരായ മൊറോക്കോയെ പുതിയ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു.
മത്സരത്തിനിടെ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചതിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ മൈതാനം വിട്ടതാണ് വിനയായത്. എക്സ്ട്രാ ടൈമിൽ പേപ്പ് ഗ്വെയുടെ ഗോളിൽ സെനഗൽ മുന്നിട്ടു നിൽക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. സെനഗൽ നേടിയ രണ്ടാമത്തെ ഗോൾ ഫൗൾ ചൂണ്ടിക്കാട്ടി റഫറി നിഷേധിക്കുകയും തൊട്ടുപിന്നാലെ മൊറോക്കോയ്ക്ക് പെനാൽറ്റി അനുവദിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സെനഗൽ പരിശീലകൻ താരങ്ങളെ തിരിച്ചുവിളിച്ചതോടെ കളി തടസ്സപ്പെട്ടു.
Also Read:ധോണിയുടെ പിൻഗാമി സഞ്ജു തന്നെ; സിഎസ്‌കെയുടെ കാത്തിരിപ്പ് അവസാനിച്ചുവെന്ന് അനിൽ കുംബ്ലെ
സാദിയോ മാനെയുടെ ഇടപെടലിനെത്തുടർന്ന് 17 മിനിറ്റുകൾക്ക് ശേഷം മത്സരം പുനരാരംഭിക്കുകയും സെനഗൽ കപ്പുയർത്തുകയും ചെയ്തെങ്കിലും, മൊറോക്കോ ഫെഡറേഷന് ഔദ്യോഗിക പരാതി നൽകുകയായിരുന്നു. ബഹിഷ്കരണ ശ്രമം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയ ഫെഡറേഷൻ സെനഗലിന്റെ കിരീടം റദ്ദാക്കാൻ തീരുമാനിച്ചു. നേരത്തെ തന്നെ താരങ്ങൾക്കെതിരെ അച്ചടക്ക നടപടിയും പിഴയും ചുമത്തിയിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ അപൂർവ്വമായ ഈ തീരുമാനത്തിലൂടെ മൊറോക്കോ ഒരിക്കൽ കൂടി ആഫ്രിക്കയുടെ രാജാക്കന്മാരായി.
The post നാടകീയ വഴിത്തിരിവ്; സെനഗലിനെ അയോഗ്യരാക്കി, മൊറോക്കോ ചാമ്പ്യന്മാർ! appeared first on Express Kerala.




