
റിലീസിന് മുൻപേ ആഗോള ബോക്സ് ഓഫീസിൽ വിസ്മയം തീർത്ത് രൺവീർ സിങ്-ആദിത്യ ധർ കൂട്ടുകെട്ടിന്റെ ‘ധുരന്ധർ: ദ റിവഞ്ച്’. അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, ഷാരൂഖ് ഖാന്റെ ‘ജവാൻ’, രൺബീർ കപൂറിന്റെ ‘അനിമൽ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ആദ്യദിന കളക്ഷൻ റെക്കോർഡുകളാണ് തകർത്തെറിഞ്ഞത്. പെയ്ഡ് പ്രിവ്യൂ ഷോകൾക്കായി മാത്രം പത്തുലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായമാണ്. ചിത്രം ഇന്ത്യൻ സിനിമയുടെ ഭാവി തന്നെ മാറ്റിമറിക്കുമെന്ന് നായകൻ രൺവീർ സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിദേശ വിപണിയിലും സമാനതകളില്ലാത്ത മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. വടക്കേ അമേരിക്കയിൽ പ്രീ-സെയിലിലൂടെ മാത്രം 5 മില്യൺ ഡോളർ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി ‘ധുരന്ധർ 2’ സ്വന്തമാക്കി. ഗൾഫ് രാജ്യങ്ങളിലും പാകിസ്താനിലും പ്രദർശനമില്ലാതിരുന്നിട്ടും ആഗോളതലത്തിൽ വാരാന്ത്യത്തിൽ 8 മില്യൺ ഡോളറിലധികം ചിത്രം നേടുമെന്നാണ് കണക്കാക്കുന്നത്. ആദ്യഭാഗം 1300 കോടി രൂപ നേടിയതുപോലെ രണ്ടാം ഭാഗവും ചരിത്ര വിജയം ആവർത്തിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലും ചിത്രത്തിന് വൻ വരവേൽപാണ് ലഭിക്കുന്നത്.
ആദ്യഭാഗത്തിലെ താരനിരയായ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ, രാകേഷ് ബേദി എന്നിവർ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്. അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാൻ ഡകെയ്ത്തിന്റെ മരണശേഷം പാകിസ്താനിലെ അധോലോക-രാഷ്ട്രീയ മേഖലകളിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ‘ഹംസ’ എന്ന രൺവീർ കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദിത്യ ധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.
The post ബോക്സ് ഓഫീസിൽ രൺവീർ പ്രളയം! റിലീസിന് മുൻപേ 200 കോടി കടന്ന് ‘ധുരന്ധർ 2’; തകർന്നത് ജവാന്റെയും അനിമലിന്റെയും റെക്കോർഡുകൾ appeared first on Express Kerala.




