95 സീറ്റുകളിൽ കോൺഗ്രസ്, ഉറച്ച പോരാട്ടത്തിന് യുഡിഎഫ്; പിഷാരടി പാലക്കാടിന് ‘ഫിറ്റ്’ എന്ന് ഷാഫി പറമ്പിൽ

95 സീറ്റുകളിൽ കോൺഗ്രസ്, ഉറച്ച പോരാട്ടത്തിന് യുഡിഎഫ്; പിഷാരടി പാലക്കാടിന് ‘ഫിറ്റ്’ എന്ന് ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ, പാർട്ടിയിലെ തർക്കങ്ങളിലും സീറ്റ് വിഭജനത്തിലും വ്യക്തത വരുത്തി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. ഭരണം ലഭിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ അർഹതയും ആഗ്രഹവുമുള്ള കൂടുതൽ പേർ സ്ഥാനാർത്ഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും ഇത് കോൺഗ്രസിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾ എംപിമാരിലേക്ക് മാത്രം കേന്ദ്രീകരിക്കേണ്ടതില്ലെന്നും എല്ലാ നേതാക്കളും പാർട്ടി നിശ്ചയിക്കുന്ന ലൈനിൽ തന്നെ നിലകൊള്ളണമെന്നും ഷാഫി ഓർമ്മിപ്പിച്ചു.

രമേഷ് പിഷാരടിയെ പുകഴ്ത്തിയ ഷാഫി, അദ്ദേഹം പാലക്കാടിന് ഏറ്റവും യോജിച്ച വ്യക്തിയാണെന്നും പ്രതിസന്ധികാലത്തും പാർട്ടിക്കൊപ്പം ഉറച്ചുനിന്ന കലാകാരനാണെന്നും അഭിപ്രായപ്പെട്ടു. പികെ ശശിയുടെ കാര്യത്തിൽ പാർട്ടിയെടുക്കുന്ന ഏത് തീരുമാനവും തന്റേതു കൂടിയാണെന്നും രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് സിപിഐഎം വിട്ടുവരുന്നവരെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, യുഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. 95 സീറ്റുകളിൽ കോൺഗ്രസും 27 സീറ്റുകളിൽ മുസ്‌ലിം ലീഗും 8 സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും.

Also Read:കുട്ടനാട് കോൺഗ്രസിൽ വിള്ളൽ; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടരാജി

ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഇത്തവണ കോൺഗ്രസ് വിട്ടുവാങ്ങിയപ്പോൾ, തൃക്കരിപ്പൂർ സീറ്റിന് പകരം കാഞ്ഞങ്ങാട് ഏറ്റെടുക്കാനും തീരുമാനമായിട്ടുണ്ട്. പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർത്ഥിയെ നിർത്താതെ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് മുന്നണിയുടെ തീരുമാനം. എന്നാൽ കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമതനായി മത്സരിക്കാൻ തീരുമാനിച്ചത് വരും ദിവസങ്ങളിൽ യുഡിഎഫിന് വലിയൊരു വെല്ലുവിളിയായേക്കും.

The post 95 സീറ്റുകളിൽ കോൺഗ്രസ്, ഉറച്ച പോരാട്ടത്തിന് യുഡിഎഫ്; പിഷാരടി പാലക്കാടിന് ‘ഫിറ്റ്’ എന്ന് ഷാഫി പറമ്പിൽ appeared first on Express Kerala.

Spread the love
Scroll to Top