
നരേന്ദ്ര മോദി ഭാരതത്തിലെ ഓരോ പെൺമക്കളുടെയും അച്ഛന്റെ സ്ഥാനത്താണ് നിൽക്കുന്നതെന്ന് ലക്ഷ്മി പ്രിയ അഭിപ്രായപ്പെട്ടു. താൻ അദ്ദേഹത്തിന്റെ നൂറ് ശതമാനം ആരാധികയാണെന്നും അതിന് പ്രധാന കാരണം അദ്ദേഹം നടപ്പിലാക്കിയ വിപ്ലവകരമായ പദ്ധതികളാണെന്നും താരം വ്യക്തമാക്കി. ജന ഔഷധി വഴി 10 രൂപയ്ക്ക് സാനിറ്ററി നാപ്കിൻ ലഭ്യമാക്കിയ പദ്ധതിയെക്കുറിച്ച് വികാരാധീനയായാണ് ലക്ഷ്മി സംസാരിച്ചത്.
“സാനിറ്ററി നാപ്കിൻ വാങ്ങാനായി ഒരിക്കൽ ഞാൻ ജന ഔഷധിയിൽ കയറി. പത്ത് രൂപയാണ് അവർ ഈടാക്കിയത്. ആ മെഡിക്കൽ ഷോപ്പിന് മുന്നിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ആർത്തവ സമയത്ത് സ്കൂളിൽ പോകാൻ പോലും കഴിയാതെ ചാരത്തിലും മണ്ണിലും ഇലയിലുമൊക്കെ ഇരിക്കേണ്ടി വന്ന ഒരു തലമുറയുണ്ടായിരുന്നു. അവർക്ക് വേണ്ടിയാണ് പത്ത് രൂപയ്ക്ക് നാപ്കിൻ എന്ന പദ്ധതി അദ്ദേഹം തുടങ്ങിയത്. ഒരു സ്ത്രീ എന്ന നിലയിൽ എനിക്കത് വലിയ കാര്യമായി തോന്നി,” ലക്ഷ്മി പ്രിയ പറഞ്ഞു.
മോദിക്ക് ജൈവശാസ്ത്രപരമായി മക്കളില്ലായിരിക്കാം, പക്ഷേ ഒരു അച്ഛന്റെ മനസ്സോടെയാണ് അദ്ദേഹം ഓരോ പൗരനും വേണ്ടി ചിന്തിക്കുന്നതെന്ന് ലക്ഷ്മി നിരീക്ഷിച്ചു. 60 വയസ് കഴിഞ്ഞ അമ്മമാർക്കുള്ള പദ്ധതികൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സുകന്യ സമൃദ്ധി യോജന, എല്ലാ വീടുകളിലും ഗ്യാസ് കണക്ഷൻ എത്തിച്ച പദ്ധതി എന്നിവയെല്ലാം താരം എടുത്തുപറഞ്ഞു.
ഒരു ചായക്കടക്കാരന്റെ മകനായി വളർന്നുവന്നത് കൊണ്ടാണ് സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണെന്ന് മോദിക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചതെന്ന് താരം കൂട്ടിച്ചേർത്തു. വർഷങ്ങളോളം രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ ചെയ്യാത്ത കാര്യങ്ങളാണ് മോദി പത്ത് വർഷം കൊണ്ട് ചെയ്തതെന്നും ലക്ഷ്മി പ്രിയ കുറ്റപ്പെടുത്തി. താൻ എന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും ഭാരതത്തിന് ഇങ്ങനെയുള്ള ഭരണാധികാരികളെയാണ് ആവശ്യമെന്നുമാണ് താരം വ്യക്തമാക്കുന്നത്.
The post മോദി ഓരോ പെൺമക്കളുടെയും അച്ഛൻ; ലക്ഷ്മി പ്രിയയുടെ വാക്കുകൾ വൈറൽ appeared first on Express Kerala.




