ആളൂർ : യു.കെ യിലേക്ക് വിസയും ജോലിയും ശരിയാക്കികൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,85,000 (എട്ട് ലക്ഷത്തി എൺപത്തി അയ്യായിരം) രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയായ ശങ്കർ ഗണേഷ് എന്നയാളെയാണ് ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഈറോഡ് സ്വദേശിയായ ശങ്കർ ഗണേഷ് (36 വയസ്സ്) ആണ് അറസ്റ്റിലായത്.
2023-ൽ കൊറ്റനെല്ലൂർ തുമ്പൂർ സ്വദേശിക്ക് യു.കെ യിലേക്ക് വിസയും ജോലിയും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,85,000 രൂപ വാങ്ങിയ ശേഷം വിസയും ജോലിയും ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു.
പ്രതി ദുബായിൽ നിന്നും ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ ചെന്നൈ യിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയെ ആളൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യുടെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ മനു എസ് ചെറിയാൻ, ജി എസ് ഐ മാരായ ജയകുമാർ, ജയ്സൺ, ജി എസ് സി പി ഒ മാരായ സമീഷ്, ലിജു ആന്റണി, സി പി ഒ ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


