കെ. സുധാകരൻ നിലപാട് വ്യക്തമാക്കുന്നു; 12 മണിക്ക് മാധ്യമങ്ങളെ കാണും, കണ്ണൂരിൽ പ്രതിഷേധമിരമ്പുന്നു

കെ. സുധാകരൻ നിലപാട് വ്യക്തമാക്കുന്നു; 12 മണിക്ക് മാധ്യമങ്ങളെ കാണും, കണ്ണൂരിൽ പ്രതിഷേധമിരമ്പുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ, മുതിർന്ന നേതാവ് കെ. സുധാകരന്റെ രാഷ്ട്രീയ നീക്കങ്ങൾ ഉറ്റുനോക്കി കേരളം. സിറ്റിംഗ് എം.പിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്ന് കെ. സുധാകരന് സീറ്റുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. പട്ടിക പുറത്തു വന്നുകഴിഞ്ഞാല്‍ പിന്നാലെ തന്നെ പ്രതികരണമുണ്ടാകും.

സീറ്റ് നിഷേധിക്കപ്പെട്ടാൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് സുധാകരൻ അനുകൂലികളുടെ നീക്കം. കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സുധാകരൻ അനുകൂലികൾ മുദ്രാവാക്യം വിളികളുമായി പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. പേരാവൂരിൽ സണ്ണി ജോസഫിനെതിരെ കെ.എസ് ബ്രിഗേഡിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “നന്ദിയില്ലെങ്കിലും നന്ദികേട് കാട്ടരുത്” എന്നാണ് പോസ്റ്ററുകളിലെ താക്കീത്. പേരാവൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സുധാകരൻ പക്ഷം വിമത സ്ഥാനാർത്ഥികളെ ഇറക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

Also Read: ധർമ്മടത്ത് മൂന്നാം അങ്കത്തിന് പിണറായി വിജയൻ! ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പണം

സുധാകരനെ കൂടാതെ അടൂർ പ്രകാശിനും ഇത്തവണ സീറ്റുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കായംകുളത്ത് കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജു ജനവിധി തേടും. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനാണ് നറുക്കുവീണിരിക്കുന്നത്. ദീപ്തി മേരി വർഗീസിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും ഷിയാസിലേക്ക് നേതൃത്വം എത്തുകയായിരുന്നു. പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റില്ല. ഇവിടെ പുതിയ മുഖം എത്തും. തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥി കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന.

The post കെ. സുധാകരൻ നിലപാട് വ്യക്തമാക്കുന്നു; 12 മണിക്ക് മാധ്യമങ്ങളെ കാണും, കണ്ണൂരിൽ പ്രതിഷേധമിരമ്പുന്നു appeared first on Express Kerala.

Spread the love
Scroll to Top