
ആലപ്പുഴ: സംസ്ഥാന ഭരണനേതൃത്വത്തിനും സിപിഐഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം എന്ന സ്വപ്നം ഇത്തവണ വിഫലമാകുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോൾ കോൺഗ്രസ് നേതൃത്വം വിജയിക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്നും സുധാകരൻ നിരീക്ഷിച്ചു.
ആറ് പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന തനിക്ക് സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമാണ് വർഷങ്ങളായി നിലനിൽക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അഴിമതിക്കാർക്കും ക്രിമിനൽ-മാഫിയ രാഷ്ട്രീയക്കാർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് താൻ ഇത്തവണ അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് ജി. സുധാകരൻ വ്യക്തമാക്കി.
Also Read: കെ. സുധാകരൻ നിലപാട് വ്യക്തമാക്കുന്നു; 12 മണിക്ക് മാധ്യമങ്ങളെ കാണും, കണ്ണൂരിൽ പ്രതിഷേധമിരമ്പുന്നു
മണ്ഡലത്തിൽ തനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരോട് അദ്ദേഹം പരസ്യമായി കടപ്പാട് അറിയിച്ചു. ഇടതുപക്ഷത്തെയും സി.പി.ഐ.എമ്മിലെയും ഭൂരിഭാഗം വോട്ടർമാരും തനിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ എൽ.ഡി.എഫ് നേതൃത്വം തനിക്കെതിരെ നിരന്തരമായി സത്യവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ജനങ്ങൾക്കിടയിൽ ഇത്തരം കുപ്രചാരണങ്ങൾ ഏൽക്കുന്നില്ലെന്നും, പാർട്ടിക്കുള്ളിലെ ക്രിമിനൽ സംഘങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ ജനപിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
The post സിപിഐഎമ്മിൽ രാഷ്ട്രീയ പരാജയം; കോൺഗ്രസിനെ പ്രകീർത്തിച്ച് ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് appeared first on Express Kerala.




