
ഇന്ത്യൻ ഓഹരി വിപണിയിൽ കറുത്ത വ്യാഴാഴ്ച. ആഗോള വിപണിയിലെ അസ്ഥിരതയെത്തുടർന്ന് വ്യാപാരം ആരംഭിച്ച മിനിറ്റുകൾക്കുള്ളിൽ സെൻസെക്‌സ് 1,900 പോയിന്റിലധികം ഇടിഞ്ഞ് 74,751 നിലവാരത്തിലെത്തി. നിഫ്റ്റി 580 പോയിന്റ് താഴ്ന്ന് 23,200-ന് താഴെയാകുകയും ചെയ്തു. വിപണിയിലെ ഈ പെട്ടെന്നുള്ള ഇടിവ് കാരണം നിക്ഷേപകരുടെ സമ്പത്തിൽ ഏകദേശം 7 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ മൂല്യം ഇതോടെ 432 ലക്ഷം കോടി രൂപയായി ചുരുങ്ങി.
അമേരിക്ക-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതാണ് വിപണിയെ തളർത്തിയ പ്രധാന ഘടകം. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നത് പണപ്പെരുപ്പ ഭീഷണി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ, അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ നൽകിയ സൂചനകൾ നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തു. പണപ്പെരുപ്പ പ്രവചനങ്ങൾ വർദ്ധിപ്പിച്ച ഫെഡ് റിസർവ്, പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്ക് ഇളവുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന നിലപാടിലാണ്.
ബാങ്കിംഗ് മേഖലയിലെ വൻ തിരിച്ചടിയാണ് വിപണിയെ കൂടുതൽ പള്ളത്തിലാക്കിയത്. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ചെയർമാൻ അതാനു ചക്രവർത്തി രാജിവെച്ചതിനെത്തുടർന്ന് ബാങ്കിന്റെ ഓഹരി വിലയിൽ 8 ശതമാനത്തിലധികം ഇടിവുണ്ടായി. ഇത് ബാങ്കിന്റെ ഓഹരികളെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചു. എച്ച്ഡിഎഫ്സിക്ക് പുറമെ ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ട്യൂബ്രോ തുടങ്ങിയ പ്രമുഖ ഓഹരികളും വലിയ നഷ്ടം രേഖപ്പെടുത്തി.
Also Read: സ്വർണവിലയിൽ റെക്കോർഡ് ഇടിവ്; പവന് 2040 രൂപ കുറഞ്ഞു
ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ റെക്കോർഡ് ഇടിവ് വിപണിക്ക് മറ്റൊരു തിരിച്ചടിയായി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 49 പൈസ ഇടിഞ്ഞ് 92.89 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കറൻസിയുടെ മൂല്യം ഇടിയുന്നത് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതിനും പണപ്പെരുപ്പ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. റിയാലിറ്റി, ഓട്ടോ മൊബൈൽ മേഖലകളിലും മൂന്ന് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോള വിപണികളിലുണ്ടായ തകർച്ചയുടെ പ്രതിഫലനം ഏഷ്യൻ വിപണികളിലും ദൃശ്യമാണ്. ജപ്പാൻ, ഹോങ്കോംഗ് ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികൾ 3 ശതമാനത്തോളം താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിറ്റഴിക്കലും എണ്ണവില വർദ്ധനവ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും വിപണിയിൽ വരും ദിവസങ്ങളിലും അസ്ഥിരത തുടരാൻ കാരണമായേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
The post ഓഹരി വിപണിയിൽ വൻ തകർച്ച! സെൻസെക്‌സ് 1,900 പോയിന്റ് ഇടിഞ്ഞു; നിക്ഷേപകർക്ക് 7 ലക്ഷം കോടി രൂപയുടെ നഷ്ടം appeared first on Express Kerala.




