ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം ഡൽഹിയിൽ; ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ച് ചൈനീസ് ഇവി ഭീമൻ ബിവൈഡി

ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം ഡൽഹിയിൽ; ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ച് ചൈനീസ് ഇവി ഭീമൻ ബിവൈഡി

ചൈനീസ് വൈദ്യുത വാഹന ഭീമനായ ബിവൈഡി ഇന്ത്യൻ വിപണിയിലെ തങ്ങളുടെ സാന്നിധ്യം അതിശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ അത്യാധുനിക ഷോറൂം ന്യൂഡൽഹിയിലെ മോത്തി നഗറിൽ ബിവൈഡി തുറന്നു. പിപിഎസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് നിർമ്മിച്ച ഈ ഭീമൻ ഷോറൂം 9,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഏഴ് വാഹനങ്ങൾ വരെ പ്രദർശിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

ഡൽഹി എൻസിആർ മേഖലയിലെ ആറാമത്തേയും ഇന്ത്യയിലാകെ 48-ാമത്തേയും ഷോറൂമാണിത്. നിലവിൽ രാജ്യത്തെ 40 നഗരങ്ങളിലായി ബിവൈഡിക്ക് വിപുലമായ ശൃംഖലയുണ്ട്. കേരളത്തിൽ മൂന്നിടങ്ങളിലും ബിവൈഡി ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മോത്തി നഗറിലെ ഷോറൂം പങ്കാളിയായ പിപിഎസ് മോട്ടോഴ്‌സ്, മൂന്ന് സംസ്ഥാനങ്ങളിലായി ബിവൈഡിയുടെ ആറ് ഔട്ട്‌ലെറ്റുകളും നാല് സർവീസ് വർക്ക്‌ഷോപ്പുകളും നിയന്ത്രിക്കുന്നു. ബിവൈഡിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിൽപന, വിൽപനാനന്തര സേവന പങ്കാളിയും പിപിഎസ് മോട്ടോഴ്‌സ് തന്നെയാണ്.

ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹന ശ്രേണി നേരിട്ട് കണ്ടറിയാനും ബാറ്ററി സാങ്കേതികവിദ്യ, ഡിസൈൻ എന്നിവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും സാധിക്കുന്ന വിധം ഒരു ‘ഇമ്മേഴ്‌സീവ് റീട്ടെയിൽ അനുഭവം’ പുതിയ ഷോറൂം പ്രദാനം ചെയ്യും. എല്ലാ പുതിയ മോഡലുകളും ഇവിടെ പ്രദർശിപ്പിക്കും, കൂടാതെ ടെസ്റ്റ് ഡ്രൈവിനും സൗകര്യമുണ്ടാകും. വൈദ്യുത വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ വിവരങ്ങൾ നൽകാനും ഷോറൂമിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.

Also Read:സുരക്ഷയുടെ ‘ഗോഡ്ഫാദർ’; ടാറ്റ സിയേറയ്ക്ക് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ്!

ഡൽഹി എൻസിആർ മേഖലയിൽ വൈദ്യുത വാഹനങ്ങൾക്ക് വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ചാണ് ഇത്രയും വലിയ ഷോറൂം ആരംഭിക്കുന്നതെന്ന് ബിവൈഡി ഇന്ത്യ ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ ബിസിനസ് മേധാവി രാജീവ് ചൗഹാൻ പറഞ്ഞു. ഉത്തരേന്ത്യയിൽ ബിവൈഡിയുടെ വളർച്ചയ്ക്ക് ഈ ഷോറൂം വലിയ പങ്കുവഹിക്കുമെന്ന് പിപിഎസ് മോട്ടോഴ്‌സ് എംഡി രാജീവ് സംങ്‌വി കൂട്ടിച്ചേർത്തു. മികച്ച ഇളവുകൾ നൽകുന്ന ഡൽഹി സർക്കാരിന്റെ വൈദ്യുത വാഹന നയവും വായു മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും ഡൽഹിയിൽ ഇവി വിപണിക്ക് വലിയ ഉത്തേജനം നൽകുന്നുണ്ട്.

നിലവിൽ നാല് പ്രീമിയം ഇലക്ട്രിക് കാറുകളാണ് ബിവൈഡി ഇന്ത്യയിൽ വിൽക്കുന്നത്: സീലയൺ 7 (Sealion 7), പ്രീമിയം സെഡാനായ സീൽ (Seal), ഇ-എസ്യുവി അട്ടോ 3 (Atto 3), എംപിവി ഇമാക്സ് 7 (eMax 7) എന്നിവയാണവ.

See also  ചാലക്കുടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം പണി 28നകം പൂര്‍ത്തിയാക്കാന്‍ ശ്രമം.

2007 മാർച്ചിൽ ഇന്ത്യയിൽ സ്ഥാപിതമായ ബിവൈഡിയുടെ ഉപകമ്പനിക്ക് ചെന്നൈയിൽ രണ്ട് ഫാക്ടറികളുണ്ട്. 200 ദശലക്ഷം ഡോളറിലേറെയാണ് ബിവൈഡി ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരിക്കുന്നത്. തുടക്കത്തിൽ ഇലക്ട്രിക് ബസുകളും വാണിജ്യ വാഹനങ്ങളും മാത്രമായിരുന്നെങ്കിലും 2022 മുതൽ ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. 2025-ൽ ബിവൈഡി രാജ്യാന്തര വിപണിയിൽ 46 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള പത്ത് ഓട്ടമോട്ടീവ് ബ്രാൻഡുകളിൽ ഒന്നാണ് ബിവൈഡി.

The post ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം ഡൽഹിയിൽ; ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ച് ചൈനീസ് ഇവി ഭീമൻ ബിവൈഡി appeared first on Express Kerala.

Spread the love
Scroll to Top