
കുവൈത്ത്: കുവൈത്തിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലകളായ മിന അൽ-അഹ്മദി, മിന അബ്ദുള്ള എന്നിവിടങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തെത്തുടർന്ന് ഇരു റിഫൈനറികളിലെയും പ്രവർത്തന യൂണിറ്റുകളിൽ ചെറിയ രീതിയിൽ തീപ്പിടിത്തമുണ്ടായെങ്കിലും ഉടനടി നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല.
വ്യാഴാഴ്ച പുലർച്ചെയോടെയാണ് മിന അൽ-അഹ്മദിയിലെ യൂണിറ്റുകളെ ലക്ഷ്യമിട്ട് ഡ്രോൺ പതിച്ചത്. തൊട്ടുപിന്നാലെ മിന അബ്ദുള്ള റിഫൈനറിക്ക് നേരെയും സമാനമായ ആക്രമണമുണ്ടായതായി കുവൈത്ത് ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനാ വിഭാഗം തീ പൂർണ്ണമായും അണച്ചു.
Also Read: സൗദിയുടെ ക്ഷമ നശിക്കുന്നു; ഇറാന് ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ്
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്ലാന്റുകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതീവ സുരക്ഷാ മേഖലകളിലുണ്ടായ ഈ ഡ്രോൺ ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post കുവൈത്തിലെ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ ഡ്രോൺ ആക്രമണം; തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി appeared first on Express Kerala.




