
ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണ വിനിയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ച് കേരള ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. പുനർനിർമ്മാണത്തിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്ന വിജിലൻസ് കണ്ടെത്തൽ അംഗീകരിച്ച കോടതി, കേസിൽ മേൽനടപടികൾ ആവശ്യമില്ലെന്ന് ഉത്തരവിട്ടു. കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം മുഴുവൻ കൃത്യമായി വിനിയോഗിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
കൊടിമര പുനർനിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ആകെ 412 ഗ്രാം സ്വർണ്ണമാണ് സംഭാവനയായി ലഭിച്ചത്. ഈ സ്വർണ്ണം മുഴുവൻ വാജിവാഹനം, അഷ്ടദിക് പാലകർ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചുവെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംഭാവന നൽകിയ സിനിമാ താരങ്ങൾ അടക്കം 23 പേരുടെ മൊഴി വിജിലൻസ് നേരിട്ട് രേഖപ്പെടുത്തിയിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, രഞ്ജി പണിക്കർ, ഷാജി കൈലാസ് തുടങ്ങി പ്രമുഖരായ 27 പേരാണ് കൊടിമര നിർമ്മാണത്തിന് സ്വർണ്ണം നൽകിയത്. ഇതിൽ നാല് പേരുടെ കൃത്യമായ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
Also Read:കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം!
അന്നത്തെ എ.എസ്.പി കുറുപ്പാണ് സംഭാവനയായി സ്വർണ്ണം സ്വീകരിച്ചത്. സ്വർണ്ണം നൽകിയവർക്ക് ദേവസ്വം ബോർഡിന്റെ ഔദ്യോഗിക രസീത് നൽകിയിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സ്വർണ്ണം കൈമാറിയതിലും നിർമ്മാണ പ്രവർത്തനങ്ങളിലും സുതാര്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന കണ്ടെത്തലോടെയാണ് വർഷങ്ങളായി നിലനിന്ന ഈ വിവാദത്തിന് ഹൈക്കോടതി വിരാമമിട്ടത്.
The post ശബരിമല കൊടിമര വിവാദം! ക്രമക്കേടില്ലെന്ന് വിജിലൻസ്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി appeared first on Express Kerala.



