
സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ’ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യ മൊഡ്യൂളായ BAS-01 വികസിപ്പിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമായി കേന്ദ്രസർക്കാർ 1,763 കോടി രൂപ അനുവദിച്ചതായി ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പാർലമെന്റിനെ അറിയിച്ചു. 2028-ഓടെ ഈ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. അഞ്ച് യൂണിറ്റുകൾ ചേരുന്നതാണ് ഇന്ത്യയുടെ ഈ ബഹിരാകാശ നിലയം.
ബഹിരാകാശ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (VSSC) ഇന്ത്യൻ വ്യവസായ സംരംഭങ്ങളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. സിസ്റ്റം എഞ്ചിനീയറിങ്, സബ് സിസ്റ്റം സാങ്കേതികവിദ്യകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ നിലവിൽ പുരോഗമിക്കുകയാണ്. 2025 മുതൽ 2028 വരെയുള്ള നാല് വർഷത്തെ കാലയളവിലേക്കുള്ള ചെലവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക.
Also Read: വ്യാജ വീഡിയോ നീക്കം ചെയ്തില്ല! ‘എക്‌സി’നെതിരെ സൈബർ പോലീസ് കേസെടുത്തു
റോബോട്ടിക് പ്രവർത്തനങ്ങൾ, ഭ്രമണപഥത്തിൽ വെച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം, സഞ്ചാരികൾക്കുള്ള പ്രത്യേക ക്വാർട്ടേഴ്‌സുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഈ ബഹിരാകാശ നിലയത്തിലുണ്ടാകും. ലൈഫ് സയൻസസ്, ഫാർമസ്യൂട്ടിക്കൽസ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിൽ നൂതനമായ മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾ നടത്താനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കും. ഗഗൻയാൻ ദൗത്യത്തിന് ശേഷം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമാണിത്.
ആദ്യ മൊഡ്യൂളിന് ശേഷമുള്ള മറ്റ് നാല് ഭാഗങ്ങൾ കൂടി പൂർത്തിയാക്കി 2035-ഓടെ പൂർണ്ണതോതിലുള്ള ബഹിരാകാശ നിലയം പ്രവർത്തനക്ഷമമാക്കാനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. ഇതോടെ സ്വന്തമായി ബഹിരാകാശ നിലയമുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള ശാസ്ത്ര ഗവേഷണങ്ങൾക്കും ബഹിരാകാശ പര്യവേഷണങ്ങൾക്കും ഈ നിലയം ഇന്ത്യയ്ക്ക് കരുത്തേകും.
The post കുതിപ്പിനൊരുങ്ങി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം; ആദ്യ മൊഡ്യൂളിന് 1,763 കോടി appeared first on Express Kerala.



