കേരളത്തിൽ ബി.ജെ.പി അത്ഭുതം സൃഷ്ടിക്കുമെന്ന് ബി.ജെ.പി; മുൻ ഐ.പി.എസ് ഉദ്യോഗസ്ഥർ വന്നത് ആവേശം

കേരളത്തിൽ ബി.ജെ.പി അത്ഭുതം സൃഷ്ടിക്കുമെന്ന് ബി.ജെ.പി; മുൻ ഐ.പി.എസ് ഉദ്യോഗസ്ഥർ വന്നത് ആവേശം

സംസ്ഥാനത്ത് ഇന്നുവരെ ഇല്ലാത്ത തരത്തിലുള്ള മുന്നേറ്റമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉണ്ടാക്കാൻ പോകുന്നതെന്ന് പാർട്ടി സംസ്ഥാന വക്താവ് ഉല്ലാസ് ബാബു. അദ്ദേഹം എക്സ്പ്രസ്സ്  കേരളയ്ക്ക് നൽകിയ അഭിമുഖം ചുവടെ:-

ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി, എൻഡിഎ സാധ്യത എത്രത്തോളമാണ്?

ഈ തിരഞ്ഞെടുപ്പ് എൻഡിഎ മുന്നണിയെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ഫൈറ്റാണ്. കാരണം ഇടതു-വലതു മുന്നണികൾ കാലങ്ങളായിട്ട് മാറി വരുന്നുണ്ടെങ്കിലും, യുഡിഎഫ് ഏത് രാഷ്ട്രീയമാണ് മുന്നോട്ട് വെയ്ക്കുന്നത്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, മുസ്ലീം ലീ​ഗ്, വെൽഫെയർ, പിഡിപി ഇവരൊക്കെ മത വർഗീയ രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ്, രാഷ്ട്രീയം എന്ന് പറയപ്പെടുന്നത് അവരുടെ മൂടുപടത്തിൻ്റെ ഭാ​ഗമായി കൊണ്ടു നടക്കുന്നതാണ്. അവരുടെ വോട്ട് വാങ്ങിക്കുക എന്നുള്ളതാണ് യുഡിഎഫിൻ്റെ നിലപാട്. അല്ലാതെ പത്ത് വർഷകാലം കേരള രാഷ്ട്രീയത്തിനകത്ത് പ്രതിപക്ഷത്ത് ഇരുന്നിട്ട് ക്രിയാത്മകമായ പ്രവർത്തനം നടത്തിയത്തിൻ്റെ അടിസ്ഥാനത്തിലല്ല അവർ ജനങ്ങളെ കാണുന്നത്. എൽഡിഎഫിനെ സംബന്ധിച്ച് അവർ എന്താണ് പറയുന്നത് ഞങ്ങൾ തുടർ ഭാരണത്തിനാണ് മുൻതൂക്കം നൽകുന്നത്. എവിയെയാണ് തുടർഭരണം? പത്ത് വർഷം മുമ്പ് പിണറായി സർക്കാർ അധികാരത്തിൽ കയറുമ്പോൾ സാധാരണക്കൻ്റെ അവസ്ഥാ ഒന്ന് അലോചിച്ച് നോക്കിയാൽ കുടിവെള്ളം ഇല്ലാത്തവന് അന്നും ഇന്നും കുടിവെള്ളം ഇല്ല, റേഷൻ ബുദ്ധിമുട്ടുള്ളവർക്ക് അന്നും ഇന്നും ബുദ്ധിമുട്ടാണ്. ജയിൽ പുള്ളിക്കൾക്ക് കൊടുക്കുന്ന കൂലി പോലും ഇന്ന് ഇവിടെ പണിയെടുക്കുന്നവന് കിട്ടാത്ത സാഹചര്യമാണ്. 285 ദിവസത്തോളം ആശവർക്കമാരെ സമരത്തിൽ കിടത്തിയത് കേരളമാണ്. നഴ്സിങ് കുട്ടികൾ ശബളത്തിന് വേണ്ടി സമരത്തിനിരിക്കുന്ന കാലഘട്ടമാണിത്, പിഎസ്സി എഴുതിയ വ്യക്തികൾ മുട്ടിലിഴഞ്ഞും ശയനപ്രതിക്ഷണം ചെയ്തും സമരം ചെയ്തും നോക്കി, അങ്ങനെയുള്ള ​ഗതികേടാണ് അവർക്ക്. മറ്റൊരു വിഭാ​ഗം, ആ​രോ​ഗ്യ സെക്ടറാണ്, നമ്മുടെ ആ​രോ​ഗ്യ സെക്ടർ ഒന്നാം നമ്പർ എന്ന് പറയപ്പെടുന്നു. പിണറായി സർക്കാറിൻ്റെ 21 മന്ത്രാലയങ്ങളിലെ വിവിധ മന്ത്രിമാരുടെ പ്രവർത്തനം എടുത്തു നോക്കുമ്പോൾ ഏത് പ്രവർത്തനമാണ് അടിസ്ഥാന വർ​ഗത്തിന് വേണ്ടി പ്രവർത്തിച്ചത്. ഇവർ ആകെ പ്രവർത്തിച്ചത് കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ ബോർഡുകൾ വെയ്ക്കുക, നുണപ്രചാരണങ്ങൾ നടത്തുക എന്നതിനാണ്. ഇവർ അധികാരത്തിൽ വന്നതിന് ശേഷം നാൾ ഇന്ന് വരെയുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ എത്ര ആളുകൾക്ക് ​ഗുണക്കാരമായ കാര്യങ്ങൾ ചെയ്തു. എത്ര ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കാൻ സാധിച്ചു.

യുഎസ്, യുകെ, അയർലൻഡ്, പോളണ്ട്, ന്യൂസ്‌ലാൻഡ്, ഓസ്ട്രേലിയ, എന്നീ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ പേരിൽ നമ്മുടെ മക്കൾ പോകുകയാണ്. അവർ പോകുമ്പോൾ അതിന് പച്ചകൊടി കാണിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നൊരു ഉന്നത വിദ്യാഭ്യാസമന്ത്രി കേരളത്തിലുണ്ടെന്ന് പറഞ്ഞാൽ ഇതിൽ പരം പ്രബുദ്ധ കേരളം എത്രത്തോളം തല താഴ്ത്തണം. ഇവർ പറയുന്നത് ലോകം കേരളത്തെ നോക്കുന്നു എന്നാണ്, ലോക രാഷ്ട്രങ്ങൾ മുഴുവൻ കേരളത്തിലെ 21 മന്ത്രിമാരുടെ പ്രവർത്തനത്തിൽ വളരെ സ്ഥപ്തരായി എന്നാണ് ഇവർ പറയുന്ന തട്ടിപ്പ്. ഇപ്പോൾ കായിക മേഖലയും യുവജന മേഖലയും തന്നെ നോക്കിയാൽ, ഇന്ത്യ എന്ന് പറയപ്പെടുന്ന വലിയ പ്രോജക്റ്റിന്റെ ഭാ​ഗമായി കേന്ദ്ര സർക്കാർ കൊടുക്കുന്ന പദ്ധികളിൽ ചാടനും ഓടനും നടക്കാനും എറിയാനും കളിക്കാനും പ്രാപ്തിയുള്ള മിടുക്കൻ കുട്ടികളും മിടുക്കികളുമുള്ള കേരളത്തിൽ അവർക്ക് അതിന് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്നതിൽ 10 കൊല്ലം പരാജയപ്പെട്ട് തലകുനിച്ചു എന്നതാണ് ഇവരുടെ കായിക മന്ത്രാലയം ചെയ്യുന്നത് .

കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായി കരുതപ്പെടുന്ന കാർഷിക, ആരോഗ്യ, വന്യജീവി പരിപാലന മേഖലകൾ ഇന്ന് നേരിടുന്ന ജീർണ്ണതയെയും പരാജയങ്ങളെയും ഒരുപോലെ തുറന്നു കാട്ടേണ്ടതുണ്ട്. കാർഷിക രംഗത്ത് ഉല്പാദനക്ഷമതയിലോ സംഭരണത്തിലോ പറയത്തക്ക വളർച്ചയുണ്ടായോ എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് ഭരണകൂടം. റബ്ബർ, തെങ്ങ്, നെല്ല് കർഷകരും പച്ചക്കറി-മത്സ്യ-ക്ഷീര മേഖലകളിൽ പണിയെടുക്കുന്നവരും ഒരുപോലെ പ്രതിസന്ധിയിലാണ്. ഈ മേഖലയിലുള്ള ആരും തന്നെ സാമ്പത്തികമായി രക്ഷപെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

മറ്റൊരു വശത്ത്, വനം വകുപ്പിന്റെ നിഷ്‌ക്രിയത്വം കേരളത്തെ ലജ്ജിപ്പിക്കുന്നു. പി.എസ്.സി വഴി ജോലി ലഭിക്കാത്ത അവസ്ഥയിൽ, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നൽകുന്ന പത്തുലക്ഷം രൂപയും ആശ്രിത നിയമനവുമാണ് ഇന്ന് ‘യഥാർത്ഥ പി.എസ്.സി’ പണിയായി മാറിയിരിക്കുന്നത്. അരിക്കൊമ്പനും, ചക്കക്കൊമ്പനും, കാട്ടുപന്നിയും കാട്ടുപോത്തും ജനവാസ മേഖലയിലിറങ്ങി മനുഷ്യരെ കുത്തിക്കൊല്ലുമ്പോൾ മാത്രം ഉണരുന്ന വനം വകുപ്പ്, ഒരു കുടുംബത്തെ അനാഥമാക്കിയ ശേഷം നൽകുന്ന ആനുകൂല്യങ്ങൾ കേരളം തലതാഴ്ത്തേണ്ട വിഷയമാണ്. മൃഗങ്ങൾ മനുഷ്യനെ കൊല്ലുന്നതിലൂടെ മാത്രം സർക്കാർ ജോലി ലഭിക്കുന്ന ഈ വിചിത്രമായ സാഹചര്യം ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

ഇതിനൊപ്പമാണ് ആരോഗ്യ മേഖലയിലെ ഞെട്ടിക്കുന്ന വീഴ്ചകൾ. ലോകോത്തരമെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെക്കുന്ന തരത്തിലുള്ള അനാസ്ഥകൾ പതിവാകുന്നു. അത്യന്തം ഗൗരവകരമായ ഇത്തരം വീഴ്ചകൾ സംഭവിക്കുമ്പോഴും സംവിധാനങ്ങൾ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്.

തെരുവുനായ്ക്കളുടെ ഭീതിയിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോഴും സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നിൽക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ എരുമപ്പെട്ടിക്കടുത്ത് ഒരു അമ്മയുടെ മുഖം തെരുവുനായ കടിച്ച് വികൃതമാക്കിയ സംഭവം നമ്മുടെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണ് വെളിപ്പെടുത്തുന്നത്. മെഡിക്കൽ കോളേജുകളിൽ ആവശ്യമായ മരുന്നുകളുണ്ടോ എന്ന ആശങ്ക നിലനിൽക്കെ, കുട്ടികൾക്ക് സ്കൂളിലോ ട്യൂഷനോ പോകാനോ മുതിർന്നവർക്ക് ആരാധനാലയങ്ങളിൽ പോകാനോ പറ്റാത്ത വിധം പുറത്തിറങ്ങാൻ ഭയപ്പെടുന്ന ഒരവസ്ഥ ഇവിടെ സംജാതമായിരിക്കുന്നു.

അക്രമകാരികളായ നായ്ക്കളെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനോ കൃത്യമായി കൈകാര്യം ചെയ്യാനോ ശേഷിയില്ലാത്ത ഭരണകൂടം ജനങ്ങളുടെ ജീവനേക്കാൾ പ്രാധാന്യം മറ്റെന്തിനോ നൽകുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയം മറന്ന് ജനപക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ, സ്വന്തം നാട്ടിലെ ജനങ്ങൾക്ക് നിർഭയമായി വഴിനടക്കാൻ സൗകര്യമൊരുക്കാത്ത ഒരു സർക്കാരിന് എന്ത് തുടർച്ചയാണ് അർഹതപ്പെട്ടതെന്ന ചോദ്യം പ്രസക്തമാണ്. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കാൻ കഴിയാത്ത ഇത്തരം ഭരണപരാജയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്.

മാത്രമല്ല, കഞ്ചാവും എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളും വിഴുങ്ങുന്ന ഒരു യുവതലമുറയെ നോക്കി ഭയപ്പാടോടെ കഴിയേണ്ടി വരുന്ന അമ്മമാരുടെ നാടായി കേരളം മാറിയിരിക്കുന്നു. ലഹരി മാഫിയകൾക്ക് മുന്നിൽ സർക്കാരും ആഭ്യന്തര വകുപ്പും നിസ്സഹായരായി നിൽക്കുമ്പോൾ, കരുനാഗപ്പള്ളിയിൽ നടുറോഡിൽ നടന്ന വെട്ടിക്കൊലയും ബോംബേറുകളും ആവർത്തിക്കുന്ന ക്രൂരമായ കൊലപാതകങ്ങളും ക്രമസമാധാന തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന രീതിയിൽ അച്ഛനും അമ്മയും സഹോദരങ്ങളും പരസ്പരം കൊല്ലുന്നതും, കാമുകിയെയും കാമുകനെയും ഇല്ലാതാക്കുന്നതുമായ വാർത്തകൾ കൊണ്ട് പത്രങ്ങളിൽ നിറയുകയാണ്. പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിൽ മനുഷ്യജീവന് വിലയില്ലാത്ത ഈ സാഹചര്യം തുടരുന്നത് ഭരണകൂടത്തിന്റെ പരാജയമാണ്.

ക്ഷേമപെൻഷനുകൾ നൽകുന്നു എന്ന ഒറ്റ അവകാശവാദത്തിൽ ഈ തകർച്ചകളെ മൂടിവെക്കാൻ സാധിക്കില്ല. വയസ്സായ അമ്മമാർക്കും അച്ഛന്മാർക്കും പെൻഷൻ നൽകേണ്ടത് അത്യാവശ്യം തന്നെയാണ്, എന്നാൽ അതിനു പിന്നിൽ മറഞ്ഞിരിക്കുന്ന ഭരണപരമായ പാളിച്ചകളും പൊതുജനങ്ങളുടെ സുരക്ഷാപ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. സ്വന്തം വീട്ടിലോ നാട്ടിലോ സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാൻ സാധിക്കാത്ത ഒരവസ്ഥയിൽ, കേവലം പെൻഷൻ തുക കൊണ്ട് മാത്രം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന് കരുതുന്നത് തെറ്റാണ്. ഇത്തരം ഗുരുതരമായ സാമൂഹിക വിപത്തുകളെ നേരിടാൻ കൃത്യമായ കർമ്മപദ്ധതികളില്ലാത്ത ഒരു ഭരണസംവിധാനത്തിന് എങ്ങനെയാണ് ജനങ്ങൾ വീണ്ടും അംഗീകാരം നൽകേണ്ടതെന്ന നിങ്ങളുടെ ചോദ്യം പ്രസക്തമാണ്.

ഭാവി തലമുറയെയും കൂടി സർക്കാരിന്റെ തുച്ഛമായ ക്ഷേമപെൻഷനായി ക്യൂ നിർത്താനാണോ ഭരണകൂടം ലക്ഷ്യമിടുന്നത് എന്ന ഗൗരവകരമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. മാസാവസാനം ലഭിക്കുന്ന 1600 രൂപയുടെയോ 2000 രൂപയുടെയോ ഔദാര്യത്തിലല്ല, മറിച്ച് സ്വന്തം കഴിവും പ്രയത്നവും കൊണ്ട് അന്തസ്സായി ജീവിക്കാനാണ് ഇന്നത്തെ വിദ്യാർത്ഥികളും യുവാക്കളും ആഗ്രഹിക്കുന്നത്. പഠിച്ച മിടുക്കരായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ തലച്ചോറും സ്കില്ലും ഉപയോഗപ്പെടുത്താൻ കഴിയുന്ന തൊഴിൽ മേഖലകൾ സൃഷ്ടിക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടത്.

മാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന തൊഴിൽ സാഹചര്യങ്ങൾ നാട്ടിൽ ഒരുക്കിയാൽ, ഒരു യുവാവിനും സർക്കാരിന്റെ ക്ഷേമപെൻഷൻ ആവശ്യമില്ലാത്ത അവസ്ഥ വരും. അത്തരത്തിൽ ഉയർന്ന വരുമാനം നേടുന്ന ഒരു തലമുറയ്ക്ക് സ്വന്തം കുടുംബത്തെയും സമൂഹത്തെയും സുരക്ഷിതമായി നോക്കാൻ കെൽപ്പുണ്ടാകും. എന്നാൽ ഇത്തരം ക്രിയാത്മകമായ വികസന കാഴ്ചപ്പാടുകൾക്കോ തൊഴിൽ സൃഷ്ടിക്കോ മുതിരാതെ, ജനങ്ങളെ വെറും ഗുണഭോക്താക്കളായി മാത്രം നിലനിർത്തുന്ന രീതി കൊണ്ട് നാട് എങ്ങനെ രക്ഷപെടാനാണ്? സമൂഹത്തിന്റെ പുരോഗതിയെക്കുറിച്ച് ദീർഘവീക്ഷണമില്ലാത്ത ഇത്തരം നയങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്.

ബിജെപിക്ക് ഇത്തവണ എത്ര സീറ്റ് ലഭിക്കാൻ സാധ്യത ഉണ്ട്?

കോൺഗ്രസ് ഒരു ചർച്ചയിൽ പറയുന്നത് 110 സീറ്റ് കിട്ടുമെന്നും, സി പി എം പറയുന്നത് 100 സീറ്റുകൾ കിട്ടുമെന്നുമാണ്. ഞങ്ങൾക്ക് 100 കിട്ടും 110 കിട്ടും എന്ന് പറയപ്പെടുന്നത് തികച്ചും അഹങ്കാരമാണ്. ജനങ്ങൾ അല്ലെ ഇത് തീരുമാനിക്കുന്നത്. എല്ലാം ജനം തീരുമാനിക്കട്ടെ, അവർ തീരുമാനിക്കുന്ന നമ്പർ ആണ് നമ്പർ. അല്ലാതെ നമ്മൾ ചെയ്യുന്ന കറക്കിക്കുത്തല്ല അത്. ഇത്ര സീറ്റിന് ജയിക്കും എന്ന് ബിജെപിക്ക് അങ്ങനെ അവകാശ വാദം ഇല്ല. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മത്സരിക്കുന്നത് ആത്മവിശ്വാസത്തോടെയുള്ള വിജയപ്രതീക്ഷയോടെയാണ്. ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ എൻഡിഎയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് മികച്ച മുന്നേറ്റം ലക്ഷ്യമിട്ടുതന്നെയാണ് എന്നതിൽ സംശയമില്ല. എന്നാൽ, ഈ പോരാട്ടത്തിൽ അന്തിമമായ തീരുമാനമെടുക്കാനുള്ള അധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ്.

യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഒരു കോൺഫിഡൻസ് ആണ് ആ 100 സീറ്റ് എത്തിക്കും എന്നുള്ളത്. അതുപോലെ ബിജെപിക്ക് പറയാൻ സാധികുന്നില്ലേ എത്ര നമ്പർ ആണെന്ന്?

അത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും കോൺഫിഡൻസ് ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ജനങ്ങൾ ആർക്കാണ് വോട്ട് ചെയ്യുന്നത് എന്ന് അവരുടെ മനസ്സിൽ മാത്രമാണുള്ളത്.

See also  ഇനി ട്രയംഫ് മോഹം എളുപ്പമാകും; വില കുറഞ്ഞ 350 സിസി നിരയുമായി ട്രയംഫ്

ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായിട്ടും ജനങ്ങളുടെ ഒരു വികാരം മനസിലാകുമല്ലോ?

140 നിയോജക മണ്ഡലങ്ങളും എല്ലാ പാർട്ടിയും മത്സരിക്കുന്നത് ജയിക്കാൻ വേണ്ടിയാണ്. ബിജെപി മത്സരിക്കുന്നത് വിജയിക്കാൻ വേണ്ടി തന്നെയാണ്.

എൻ.ഡി.എ വിജയസാധ്യത കൽപ്പിക്കുന്ന ‘എ ക്ലാസ്’ മണ്ഡലങ്ങളിലെ പ്രത്യേക തന്ത്രങ്ങളും പ്രതീക്ഷകളും എന്തൊക്കെയാണ്?

കേരളത്തിൽ നിലവിൽ നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപിക്ക് ഭരണപ്രാതിനിധ്യമുണ്ട്, മുൻപ് നിയമസഭയിലും ഇപ്പോൾ പാർലമെന്റിലും അംഗങ്ങളുണ്ട്. ഈ സാഹചര്യത്തിൽ, മറ്റു പല സംസ്ഥാനങ്ങളിലുമെന്നപോലെ പ്രതിപക്ഷത്തിരുന്നുള്ള പോരാട്ടത്തിനപ്പുറം, ഭരണപരമായ മികവിലൂടെ ‘ത്രിപുര മോഡൽ’ അട്ടിമറി വിജയം നേടി കേരളത്തിൽ എൻ.ഡി.എ അധികാരത്തിലെത്തുക എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

10 സീറ്റിലേക്ക് എത്താൻ കഴിയുമോ?

അത് ഒരു തെറ്റായ ചോദ്യമാണ്. പത്ത് സീറ്റിലേക്കല്ല കേരളം ഭരിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് ജനങ്ങളുടെ കയ്യിലാണ് തീരുമാനം ഇരിക്കുന്നത്. ആ തീരുമാനം അവർ എടുക്കുന്നത് കഴിഞ്ഞ 12 വർഷത്തെ കേന്ദ്ര സർക്കാരിന്റെ ഭരണ മികവ് മുൻനിർത്തി തന്നെയാണ്.

എന്താണ് പിണറായി സർക്കാരിന്റെ ദൗർബല്യമായി ബിജെപി ചൂണ്ടി കാണിക്കുന്നത്?

അവർക്ക് എന്താണ് ബലം ഉള്ളത്? പിണറായി സർക്കാർ ഒരു ചർച്ചയിൽ പറയുന്നത് കേട്ടു, അവർ തുരങ്ക പാത ഉണ്ടാക്കി എന്ന്, പക്ഷെ ഇന്ന് ആ തുരങ്ക പാതയുടെ ഉദ്‌ഘാടനം നടക്കുമ്പോഴും ഞാനും എന്റെ തലമുറയും പട്ടിണിയിലാണ്, തലമുറ കടത്തിലാണ്. ഇവർ വലിയ വിജയം നേടി എന്ന് പറയുമ്പോഴും അവർ ആകെ വിജയിച്ചിട്ടുള്ളത് പരസ്യ യുദ്ധത്തിലും ബാനർ പൊന്തിക്കുന്നതിലാണ്. കേരളത്തിൽ ഉല്പാദനക്ഷമത വർധിപ്പിച്ചു കേരളത്തെ സ്വയംപര്യാപ്തമാക്കിയിട്ടാണ് ഇവർ പറയുന്നതെങ്കിൽ നമുക്ക് അംഗീകരിക്കാം, പക്ഷെ ഇവിടെത്തെ കാര്യം അങ്ങനെയല്ല.
ഈ പിആർ വർക്ക് നടത്തി ഇങ്ങനെ വിജയിച്ചു എന്ന് കാണിക്കുന്നത് അവരുടെ കഴിവ് ഇല്ലായ്മയാണ്. അത് അംഗീകരിക്കാൻ എന്തായാലും ബിജെപിക്ക് മനസില്ല.

യുഡിഎഫിന്റെ ദൗർബല്യം എന്താണ്?

ഇന്ത്യ മുന്നണി നയിക്കുന്നത് ഇടതുപക്ഷവും വലതുപക്ഷവുമാണ്. തമിഴ് നാട്ടിൽ സിപിഎം കോൺഗ്രസിനൊപ്പമാണ്. രാജസ്ഥാനിലെ ഷിക്കാരപൂരിൽ സിപിഎം എങ്ങനെയാണ് ജയിച്ചത്. കോൺഗ്രസിന്റെ ഔദാര്യ സീറ്റ് കൊണ്ടണ്. ജമാഅത്തെ ഇസ്ലാമിയെ ആദ്യം ഇടതുപക്ഷം കൂട്ടുപിടിച്ചെങ്കിൽ ഇന്ന് വലതുപക്ഷം കൂട്ടുപിടിക്കുന്നു. മദനിക്ക് വേണ്ടി ജയ് വിളിച്ചവരല്ലേ കോടിയേരിയും പിണറായിയും. പക്ഷെ ഇന്ന് യുഡിഫ് അതിനെ കൂട്ടുപ്പിടിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമി വർഗീയവാദികൾ ആണെങ്കിൽ പണ്ട് ഈ വർഗീയവാദികളെ കൂട്ട് പിടിച്ചവരാണ് ഇവർ. വർഗീയത ഭക്ഷിച്ചു വിസർജിക്കുന്ന ഇടത് വലതുപക്ഷത്തെ നമ്മൾ ശക്തമായി എതിർക്കണ്ടേ?

തൃശ്ശൂരിലെ പാർലമെൻററി വിജയം ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമോ?

പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നുള്ള ഒരു വലിയ മാറ്റമാണ് സുരേഷ് ഗോപി മുന്നോട്ട് വെക്കുന്നത്. വെറും മരണവീടുകളിലോ കല്യാണവീടുകളിലോ സന്ദർശനം നടത്തുന്നതും ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതും മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം എന്ന ധാരണ അദ്ദേഹം തിരുത്തുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും കൃത്യമായ വികസന കാഴ്ചപ്പാടോടെ ഇടപെടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തൃശൂരിനെ വികസനത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാൻ അടിത്തറ പാകുക എന്ന വലിയ ലക്ഷ്യമാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്. പക്ഷേ കേരളത്തിൽ മറ്റ് 19 എംപിമാർ ഉണ്ടായിട്ടും മാധ്യമങ്ങൾ സുരേഷ് ഗോപിയെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനാണെന്നത് ചിന്തിക്കേണ്ട കാര്യമാണ്. മുൻപുണ്ടായിരുന്ന ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്താൽ അദ്ദേഹം ചെയ്ത കാര്യങ്ങളുടെ മൂല്യം വ്യക്തമാകും. വർഷങ്ങളായി തൃശൂരിനെ പിന്നോട്ട് വലിച്ച അവസ്ഥയിൽ നിന്ന് മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് അല്പം സമയം ആവശ്യമാണ്.

തൃശ്ശൂരിൽ ബിജെപിക്ക് സുരേഷ്‌ഗോപി ഏതെങ്കിലും തരത്തിൽ നെഗറ്റീവ് ഫാക്ടർ ആകുന്നുണ്ടോ?

തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വികസനത്തിന്റെ കാര്യത്തിൽ കൃത്യമായ കൈയൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. റോഡ്, തോട്, കുടിവെള്ളം, പാർപ്പിടം, വിദ്യാഭ്യാസം എന്നിങ്ങനെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലെല്ലാം അദ്ദേഹം നേരിട്ട് ഇടപെടുന്നുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷൻ, ഗുരുവായൂർ, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ വമ്പിച്ച വികസന പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണ്. 500-ഉം 600-ഉം കോടി രൂപയുടെ റെയിൽവേ വികസനവും ദേശീയപാതകൾക്കായുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും കേരളത്തിന് ലഭിക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണ്. കേരളത്തിൽ നിന്ന് ബിജെപിക്ക് ആകെ ഒരു എംപി മാത്രമേ ഉള്ളൂ എങ്കിലും നരേന്ദ്ര മോദി സർക്കാർ കേരളത്തെ ചേർത്തുപിടിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ പദ്ധതികൾ. സുരേഷ് ഗോപിക്കെതിരെ ഉയരുന്ന നെഗറ്റീവ് വാർത്തകൾ ചിലർ ബോധപൂർവം നിർമ്മിക്കുന്ന നറേറ്റീവുകൾ മാത്രമാണ്. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾ വോട്ട് ചെയ്തതും അദ്ദേഹത്തിന് കരുത്തുപകരുന്നതും ഈ വികസനം തുടരുന്നതിനും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ഇടപെടലുകൾക്കും വേണ്ടിയാണ്.

ബിജെപിക്ക് എത്ര സീറ്റ് ഉറപ്പായി ലഭിക്കും എന്ന് വിശ്വാസമുണ്ട്?

ബിജെപിക്ക് നിലവിൽ കേരളത്തിൽ വലിയ പ്രാതിനിധ്യമില്ലെങ്കിലും, വളരെ കൃത്യമായ പ്ലാനിംഗോടെയാണ് പാർട്ടി മുന്നോട്ട് പോകുന്നത്. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത്, ഫസൽ ബീമ യോജന, വിശ്വകർമ പദ്ധതി, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ബിജെപി നേരിട്ട് സംവദിക്കുന്നുണ്ട്. ഈ പദ്ധതികൾ സാധാരണക്കാരുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ജനങ്ങളിലെത്തിക്കാനും അവരെ ഏകോപിപ്പിക്കാനും താഴെത്തട്ടിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

ഇത്തരത്തിൽ ഗുണഭോക്താക്കളെ നേരിട്ട് കണ്ട് നടത്തുന്ന പ്രവർത്തനങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വലിയ മുന്നേറ്റം നൽകുമെന്ന് ഉറപ്പാണ്. പല നിയോജക മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ ഈ ജനകീയ ഇടപെടലുകൾ സഹായിക്കും. ബിജെപിയുടെ ഈ രാഷ്ട്രീയ തന്ത്രങ്ങളും രഹസ്യങ്ങളും അത്രമേൽ ആഴത്തിലുള്ളതാണ്, അത് പൂർണ്ണമായും വെളിപ്പെടുത്തിയാൽ പിന്നെ അതിൽ രഹസ്യമെന്നത് ഇല്ലാതാകുമല്ലോ.

വലിയൊരു വിഭാഗത്തിന്റെ പിന്തുണയുള്ളതുകൊണ്ട് തന്നെ ബിഡിജെഎസ്‌ എൻഡിഎയ്ക്ക് ഗുണം ആയിട്ടുണ്ടോ?

ബിഡിജെഎസ് പോലുള്ള ഘടകകക്ഷികൾക്ക് വലിയ സ്ഥാനമുണ്ട്. ബിജെപിയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും താഴെത്തട്ടിൽ മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകുന്നതിനും ബിഡിജെഎസിനും അതുപോലെ ട്വന്റി 20 ഉൾപ്പെടെയുള്ള മറ്റ് സഖ്യകക്ഷികൾക്കും സാധിക്കുന്നുണ്ട്. ഇത് വെറുമൊരു സഹായമല്ല, മറിച്ച് മുന്നണിയെ വിജയത്തിലേക്ക് നയിക്കാനുള്ള വലിയൊരു ചാലകശക്തിയായാണ് പ്രവർത്തിക്കുന്നത്.

എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ ഭാഗമായിട്ടുള്ള പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് വരാൻ സാധ്യതയുണ്ടോ?

സ്വഭാവികമായിട്ട് ഇത് രാഷ്‌ടീയമല്ലേ, രാഷ്ട്രീയത്തിനകത് സ്ഥിരം ശത്രുക്കളുമില്ല മിത്രങ്ങലുമില്ല. രാഷ്ട്രീയത്തിൽ അങ്ങോട്ടും ഇങ്ങോട്ടും വരവും പോക്കും സ്വഭാവികമായിട്ട് നടക്കുന്നുണ്ട്. ഇതൊക്കെ രാഷ്ട്രീയതിന്റെ ഭാഗമാണ്.

അങ്ങനെ ആരെങ്കിലും വരാൻ സാധ്യത ഉണ്ടോ?

ഒരാൾ വരാൻ സാധ്യതയുണ്ടോ എന്ന ചോദ്യം തെറ്റാണ് ഒരു കൂട്ടം ആളുകൾ വരാൻ സാധ്യതയുണ്ട്. പ്രമുഖ നേതാക്കൾ തന്നെ വരാൻ സാധ്യത ഉണ്ട്.

തിരുവന്തപുരത്ത് ബിജെപിയുടെ വിജയ സാധ്യത എന്താണ്?

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ ഇടത്-വലത് മുന്നണികൾ ഒന്നിച്ച് ശ്രമിച്ചിട്ടും, ജനങ്ങൾ ബിജെപിയിൽ അർപ്പിച്ച 100% വിശ്വാസമാണ് പാർട്ടിയുടെ മുന്നേറ്റത്തിന് കരുത്തായത്. നരേന്ദ്ര മോദി സർക്കാരിന്റെ 12 വർഷത്തെ വികസന നേട്ടങ്ങളും ഈ വിജയത്തിന് വലിയ പങ്കുവഹിച്ചു. വി.വി.രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണസംവിധാനം ആ ജനവിശ്വാസം നിലനിർത്തുന്നതിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബിജെപിക്ക് അധികാരം ലഭിച്ചാൽ എത്രത്തോളം ഗംഭീരമായി ഭരിക്കാൻ കഴിയുമെന്നതിന്റെ വലിയൊരു ചിത്രമാണ് തിരുവനന്തപുരം നൽകുന്നത്. ഈ വികസന മാതൃക കേരളത്തിലുടനീളം വലിയ മാറ്റങ്ങൾ ഉണ്ടാക്കും. സുരേഷ് ഗോപിയുടെ എം.പി സ്ഥാനവും കേന്ദ്രമന്ത്രി പദവിയുമെല്ലാം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ ഗുണകരമായി മാറുമെന്നതിൽ സംശയമില്ല.

ബിജെപിയെക്കാളും കൂടുതൽ ട്വന്റി-20ക്ക് സീറ്റ് നൽകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. അതൊക്കെ പാർട്ടിപ്രവർത്തകർക്കിടയിലെ മനോവീര്യത്തെ തകർക്കുമോ?

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ബിജെപിയുടെയോ എൻഡിഎയുടെയോ പ്രവർത്തകരുടെ മനോവീര്യം തകർക്കില്ല. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. എൻഡിഎ ചെയർമാൻ രാജീവ് ചന്ദ്രശേഖറും മറ്റ് നേതാക്കളും പ്രഭാരിയും (ഇൻ-ചാർജ്) ചേർന്നെടുക്കുന്ന തീരുമാനങ്ങൾ പൂർണ്ണമനസ്സോടെ നടപ്പിലാക്കാൻ പാർട്ടി പ്രവർത്തകർ സജ്ജരാണ്. അച്ചടക്കമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ ആത്മാർത്ഥതയോടെ ഏറ്റെടുക്കാൻ എല്ലാവരും തയ്യാറാണ്. ഇതിൽ യാതൊരുവിധ അഭിപ്രായവ്യത്യാസമോ കല്ലുകടിയോ ഉണ്ടാകില്ല. പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു പ്രയാസവും ഇല്ലാതെ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകും.

ചില ഭരണാധികാരികളും, ഉന്നത പോലീസ് ഉദോഗസ്ഥറും എല്ലാം റിട്ടയേർഡ് ആയതിനു ശേഷം പെട്ടന്ന് ബിജെപിയിൽ വരുന്നു. ബിജെപി അല്ലെങ്കിൽ എൻഡിഎ കൂടുതൽ സ്ഥാനമാനങ്ങൾ നൽകുന്നു. ഇതൊക്കെ പാർട്ടിപ്രവർത്തകർക്കുണ്ടാകുന്ന ആത്മ വീര്യം എത്രത്തോളമാണ്?

കേരളത്തിലെ ക്രമസമാധാനവും ഭരണസംവിധാനവും ഏറ്റവും ഉന്നതതലത്തിൽ കൈകാര്യം ചെയ്തിട്ടുള്ള വ്യക്തികൾ വിരമിച്ച ശേഷം ബിജെപിയിൽ ചേരുന്നത് പാർട്ടിയുടെയും പ്രവർത്തകരുടെയും ആത്മവീര്യം വർദ്ധിപ്പിക്കുന്നു. ഞങ്ങൾ വർഷങ്ങളായി കഷ്ടപ്പെട്ട് വളർത്തിയെടുത്ത പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച്, അതിനെ നയിക്കാൻ പ്രാപ്തിയുള്ള പ്രമുഖർ കടന്നുവരുന്നത് വലിയൊരു അംഗീകാരമാണ്. ഈ പ്രസ്ഥാനം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നതിന്റെ തെളിവായിട്ടാണ് പൊതുസമൂഹം ഇതിനെ കാണുന്നത്.

2021ലെ വോട്ട് ഷെയറും 2026 ലെ ലഭിക്കാൻ പോകുന്ന വോട്ട് ഷെയറും താരതമ്യപ്പെടുത്തുകയാണെങ്കിൽ സ്വാഭാവികമായിട്ടും ബിജെപിക്ക് വോട്ട് ഷെയർ വർധിക്കും. അത് ആർക്കാണ് ഗുണം ചെയ്യുക?

ഒരു സംശയവും വേണ്ട ബിജെപിയുടെ വോട്ട് ഷെയർ വർധിക്കുന്നത് ഗുണം ചെയ്യുക ബിജെപി സ്ഥാനാർഥികൾക്കും എൻഡിഎ മുന്നണിക്കുമാണ്. അത് എൽഡിഎഫിനും യുഡിഎഫിനും അല്ല ഗുണം ചെയ്യുക.

See also  ഇന്ത്യയോട് ചങ്ങാത്തം, ശത്രുവിനോട് യുദ്ധം; ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘പൂർണ്ണാധിപത്യം

കേരളത്തിൽ എൻഡിഎയുടെ മുഖ്യ ശത്രു ആരാണ്?

കേരളത്തിൽ എൻഡിഎ നേരിടുന്നത് എൽഡിഎഫും യുഡിഎഫും ചേരുന്ന ഒരൊറ്റ മുന്നണിയെയാണ്. വർഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തും സമരസപ്പെട്ടും പോകുന്ന പിണറായി-സതീശൻ കൂട്ടുകെട്ടിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. പരസ്പരം സഹായിക്കുന്ന ഈ രാഷ്ട്രീയ ശൈലിയെ തുറന്നുകാട്ടിക്കൊണ്ട് എൻഡിഎ ശക്തമായി മുന്നോട്ട് പോകും.

അഭിമുഖം തയാറാക്കിയത്: സി എൻ പ്രകാശ്

EXPRESS VIEW

വീഡിയോ കാണാം…

The post കേരളത്തിൽ ബി.ജെ.പി അത്ഭുതം സൃഷ്ടിക്കുമെന്ന് ബി.ജെ.പി; മുൻ ഐ.പി.എസ് ഉദ്യോഗസ്ഥർ വന്നത് ആവേശം appeared first on Express Kerala.

Spread the love