
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച ഐപിഎൽ 19-ാം സീസണിന് തുടക്കമാകാനിരിക്കെ, ടിക്കറ്റ് കിട്ടാത്തതിലുള്ള അമർഷം കർണാടക നിയമസഭയിൽ ചർച്ചയായി. ഓരോ എംഎൽഎയ്ക്കും കുറഞ്ഞത് അഞ്ച് ടിക്കറ്റുകൾ വീതം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) സൗജന്യമായി നൽകണമെന്നാണ് ആവശ്യം. തങ്ങൾ വിഐപികളാണെന്നും സാധാരണക്കാരെപ്പോലെ ക്യൂ നിൽക്കാനോ ജനറൽ ഗാലറിയിൽ ഇരിക്കാനോ കഴിയില്ലെന്നും ഹുൻഗുണ്ട് എംഎൽഎ വിജയാനന്ദ് കാശപ്പനവർ തുറന്നടിച്ചു.
സർക്കാരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളും കുറഞ്ഞ നിരക്കിൽ സ്ഥലവും സുരക്ഷയും കൈപ്പറ്റുന്ന കെഎസ്‌സിഎ ജനപ്രതിനിധികളെ ബഹുമാനിക്കുന്നില്ലെന്ന് എംഎൽഎമാർ ആരോപിച്ചു. പ്രതിമാസം വെറും 1,600 രൂപ വാടകയ്ക്കാണ് 16 ഏക്കറോളം വരുന്ന സ്ഥലം അസോസിയേഷന് നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് ചൂണ്ടിക്കാട്ടി. എന്നാൽ ഒരു ടിക്കറ്റിന് ആയിരക്കണക്കിന് രൂപ ഈടാക്കി അവർ നമ്മളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
Also Read:15-ാം പിറന്നാൾ ആഘോഷിച്ച് വൈഭവ്, ഐപിഎല്ലിന് തൊട്ടുമുമ്പ് ഇരട്ടി മധുരം
വിഷയം ഗൗരവകരമാണെന്നും എംഎൽഎമാർക്കും കുടുംബത്തിനുമായി കുറഞ്ഞത് നാല് ടിക്കറ്റുകളെങ്കിലും നൽകാൻ സർക്കാർ അസോസിയേഷനോട് ആവശ്യപ്പെടണമെന്നും സ്പീക്കർ യു.ടി. ഖാദർ നിർദ്ദേശിച്ചു. എംഎൽഎമാരുടെ ഈ ‘അവകാശ’ത്തിനായി കെഎസ്‌സിഎ ഭാരവാഹികളുമായി സംസാരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സഭയ്ക്ക് ഉറപ്പുനൽകി. ക്രിക്കറ്റ് ആവേശത്തിനിടയിൽ ജനപ്രതിനിധികളുടെ ഈ ‘സൗജന്യ ടിക്കറ്റ്’ വാദം വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
The post ‘ഞങ്ങൾ വിഐപികളാണ്, ക്യൂ നിൽക്കാനാവില്ല’; ഐപിഎൽ ടിക്കറ്റിനായി കർണാടക എംഎൽഎമാരുടെ സമ്മർദ്ദം appeared first on Express Kerala.



