ബാഡ്മിന്റൺ കോർട്ടിലെ സ്പാനിഷ് കരുത്ത് ഇനി ഓർമ്മ; കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപിച്ച് കരോലിന മാരിൻ

ബാഡ്മിന്റൺ കോർട്ടിലെ സ്പാനിഷ് കരുത്ത് ഇനി ഓർമ്മ; കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപിച്ച് കരോലിന മാരിൻ

ലോക ബാഡ്മിന്റൺ സിംഗിൾസിലെ മുൻ ഒന്നാം നമ്പർ താരവും സ്പാനിഷ് ഇതിഹാസവുമായ കരോലിന മാരിൻ പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷം നീണ്ട ഐതിഹാസികമായ കരിയറിനാണ് 32-കാരിയായ താരം പരിക്കിനെത്തുടർന്ന് അപ്രതീക്ഷിതമായി തിരശ്ശീലയിടുന്നത്. ഒരു ഒളിമ്പിക്സ് സ്വർണ്ണ മെഡൽ, മൂന്ന് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ, എട്ട് തവണ യൂറോപ്യൻ ചാമ്പ്യൻ എന്നീ റെക്കോർഡുകളുമായാണ് മാരിൻ കളം വിടുന്നത്. വിരമിക്കൽ വാർത്ത അറിയിച്ചുകൊണ്ടുള്ള വൈകാരികമായ വീഡിയോയിൽ, തന്റെ കരിയർ ഇത്തരത്തിൽ അവസാനിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ജീവിതം നമ്മൾ ആഗ്രഹിക്കുന്നത് പോലെയല്ല സംഭവിക്കുന്നതെന്നും മാരിൻ പറഞ്ഞു.

Also Read: ‘ഞങ്ങൾ വിഐപികളാണ്, ക്യൂ നിൽക്കാനാവില്ല’; ഐപിഎൽ ടിക്കറ്റിനായി കർണാടക എംഎൽഎമാരുടെ സമ്മർദ്ദം

2024-ലെ പാരീസ് ഒളിമ്പിക്സ് സെമി ഫൈനലിൽ വെച്ച് കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന്റെ കരിയറിൽ വില്ലനായത്. ഇന്ത്യൻ ബാഡ്മിന്റൺ ആരാധകർക്ക് എന്നും നൊമ്പരമുണർത്തുന്ന പേരാണ് കരോലിന മാരിന്റേത്. 2016-ലെ റിയോ ഒളിമ്പിക്സ് ഫൈനലിൽ ഇന്ത്യയുടെ സ്വർണ്ണപ്രതീക്ഷയായിരുന്ന പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് മാരിൻ ഒളിമ്പിക്സ് ജേതാവായത്. അന്ന് സിന്ധുവിനെതിരെ നടത്തിയ പോരാട്ടം ബാഡ്മിന്റൺ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു.

സ്വന്തം തട്ടകമായ ഹുവൽവയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിച്ച് വിരമിക്കണമെന്ന വലിയ ആഗ്രഹം ബാക്കിവെച്ചാണ് പരിക്കിന് കീഴടങ്ങി താരം ഇപ്പോൾ പിന്മാറുന്നത്. ബാഡ്മിന്റൺ കോർട്ടിലെ മാരിന്റെ പോരാട്ടവീര്യവും ഉച്ചത്തിലുള്ള ആവേശപ്രകടനങ്ങളും ഇനി ആരാധകർക്ക് നഷ്ടമാകും.

The post ബാഡ്മിന്റൺ കോർട്ടിലെ സ്പാനിഷ് കരുത്ത് ഇനി ഓർമ്മ; കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപിച്ച് കരോലിന മാരിൻ appeared first on Express Kerala.

Spread the love
See also  ഗുരുവും ശിഷ്യനും നേർക്കുനേർ: വിപ്ലവഭൂമിയിൽ സുധാകരന്റെ ‘സ്വതന്ത്ര’ രാഷ്ട്രീയ പരീക്ഷണം