
ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ, വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മാതൃകയായിരിക്കുകയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ലോകകപ്പിന് മുന്നോടിയായി പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരാൻ താരം കഠിനമായ പരിശ്രമത്തിലായിരുന്നു. ആഭ്യന്തര റെഡ് ബോൾ സീസണിൽ തന്റെ മാച്ച് ഫിറ്റ്‌നസ് നിലനിർത്തുന്നതിനായി വാങ്കഡെ സ്റ്റേഡിയത്തിൽ പതിവായി പരിശീലനം നടത്തിയിരുന്ന ഹാർദിക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കി ഗ്രൗണ്ട് സ്റ്റാഫ് ഒപ്പം നിന്നിരുന്നു. തന്റെ ഈ തയ്യാറെടുപ്പ് ഘട്ടത്തിൽ കൂടെ നിന്നവർക്ക് ലോകകപ്പ് വിജയത്തിന് ശേഷം സമ്മാനങ്ങൾ നൽകുമെന്ന് താരം അന്ന് ഉറപ്പുനൽകിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വാങ്കഡെയിലെത്തിയ ഹാർദിക് ഓരോ ജീവനക്കാരനും പതിനായിരം രൂപയുടെ ചെക്കും മറ്റ് സമ്മാനങ്ങളും നൽകി തന്റെ വാഗ്ദാനം നിറവേറ്റി. പത്തു ലക്ഷം രൂപ വീതമാണ് താരം നൽകിയതെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അത് തെറ്റാണെന്നും പതിനായിരം രൂപ വീതമാണ് നൽകിയതെന്നും പിന്നീട് മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചു. ലോകകപ്പ് വിജയത്തിന് പിന്നാലെ തന്റെ പങ്കാളി മഹികാ ശർമ്മയ്ക്ക് 10 കോടി രൂപ വിലമതിക്കുന്ന ആഡംബര സൂപ്പർകാർ ഹാർദിക് സമ്മാനിച്ച വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു. ലോകകപ്പിന് മുൻപ് തന്റെ ആദ്യഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും മകനും താരം ആഡംബര കാർ സമ്മാനിച്ചിരുന്നു.
Also Read:നായകനാകാനല്ല, ടീമിനായി പോരാടാൻ; സഞ്ജുവിന്റെ വരവിൽ ആവേശം പങ്കുവെച്ച് ചെന്നൈ ക്യാപ്റ്റൻ!
നിലവിൽ ഐപിഎൽ ആവേശത്തിലാണ് ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ നായകനായി കളിക്കളത്തിലിറങ്ങുന്ന താരം തന്റെ ആദ്യ മത്സരത്തിനായുള്ള കടുത്ത പരിശീലനത്തിലാണ്. മാർച്ച് 29-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ പോരാട്ടം നടക്കുന്നത്.
The post വാക്ക് പാലിച്ച് ഹാർദിക് പാണ്ഡ്യ; വാങ്കഡെയിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനങ്ങളുമായി താരം! appeared first on Express Kerala.



