ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകളും രേഖകളും പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (PMML) നിന്ന് കാണാതായെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. ഈ രേഖകൾ എവിടെയാണെന്ന് സർക്കാരിന് കൃത്യമായ ബോധ്യമുണ്ടെന്നും, അവ നിലവിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കൈവശമാണെന്നും സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.
പി.എം.എം.എല്ലിൽ നിന്ന് നെഹ്‌റുവിന്റെ രേഖകൾ കാണാതായോ എന്ന ബിജെപി എംപി സംബിത് പത്രയുടെ ചോദ്യത്തിന് സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പാർലമെന്റിൽ നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. “നെഹ്‌റുവുമായി ബന്ധപ്പെട്ട ഒരു രേഖയും കാണാതായിട്ടില്ല” എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെത്തുടർന്ന്, കേന്ദ്രം നുണപ്രചാരണം നടത്തുകയാണെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ എക്‌സിലൂടെ വിശദീകരണവുമായി സാംസ്‌കാരിക മന്ത്രാലയം രംഗത്തെത്തി. 2008-ൽ സോണിയ ഗാന്ധിയുടെ പ്രതിനിധി എം.വി. രാജൻ നൽകിയ അപേക്ഷ പ്രകാരം നെഹ്‌റുവിന്റെ സ്വകാര്യ കുടുംബ കത്തുകളും കുറിപ്പുകളും അടങ്ങുന്ന 51 കാർട്ടൺ രേഖകൾ അവർക്ക് വിട്ടുനൽകിയിരുന്നതായി മന്ത്രാലയം അറിയിച്ചു. രേഖകൾ എവിടെയാണെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് അവയെ ‘കാണാതായി’ എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ഈ രേഖകൾ തിരികെ ലഭിക്കുന്നതിനായി 2025 ജനുവരിയിലും ജൂലൈയിലും സോണിയ ഗാന്ധിയുടെ ഓഫീസുമായി പി.എം.എം.എൽ അധികൃതർ ബന്ധപ്പെട്ടിരുന്നതായും സർക്കാർ അറിയിച്ചു.”നെഹ്‌റു പേപ്പറുകൾ രാജ്യത്തിന്റെ ഡോക്യുമെന്ററി പൈതൃകത്തിന്റെ ഭാഗമാണ്, അവ ആരുടെയും സ്വകാര്യ സ്വത്തല്ല. വരുംതലമുറയ്ക്കും ഗവേഷകർക്കും പഠനവിധേയമാക്കാൻ ഈ രേഖകൾ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്,” എന്ന് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി. രേഖകൾ എത്രയും വേഗം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്. ഇതോടെ നെഹ്‌റുവിന്റെ രേഖകളെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം വരും ദിവസങ്ങളിലും ശക്തമാകുമെന്ന് ഉറപ്പായി.
The post നെഹ്‌റുവിന്റെ ആ 51 പെട്ടികൾ എവിടെ? കാണാതായതല്ലെന്ന് കേന്ദ്രം; വിരൽ ചൂണ്ടുന്നത് സോണിയ ഗാന്ധിക്ക് നേരെ! appeared first on Express Kerala.


