loader image
ടോൾ പ്ലാസകളിലെ കാത്തിരിപ്പ് അവസാനിക്കുന്നു; 2026-ഓടെ രാജ്യത്ത് എഐ അധിഷ്ഠിത ടോൾ ശേഖരണം

ടോൾ പ്ലാസകളിലെ കാത്തിരിപ്പ് അവസാനിക്കുന്നു; 2026-ഓടെ രാജ്യത്ത് എഐ അധിഷ്ഠിത ടോൾ ശേഖരണം

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിൽ ടോൾ പ്ലാസകളിലെ തിരക്കും കാത്തിരിപ്പും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ടോൾ ശേഖരണ സംവിധാനം നടപ്പിലാക്കുന്നു. 2026 അവസാനത്തോടെ ഈ സംവിധാനം നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. ‘മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ’ ടോൾ സിസ്റ്റം, എഐ അധിഷ്ഠിത ഹൈവേ നിയന്ത്രണ സംവിധാനം എന്നിവയാണ് ഇതിനായി ഏർപ്പെടുത്തുന്നത്.

നിലവിൽ രാജ്യത്ത് പത്തിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഈ സംവിധാനം വിജയകരമാണെന്ന് കണ്ടതിനെത്തുടർന്നാണ് ഇത് എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. എം.എൽ.എഫ്.എഫ് സംവിധാനം വരുന്നതോടെ വാഹനങ്ങൾ ടോൾ ഗേറ്റുകളിൽ നിർത്തിയിടേണ്ടി വരില്ല. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറുകൾക്ക് പോലും ടോൾ ഗേറ്റുകൾ തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കും. ജിപിഎസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് എഐ വാഹനങ്ങളെ തിരിച്ചറിയുന്നതും ടോൾ ഈടാക്കുന്നതും.

Also Read: ബാങ്കുകളിൽ നിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നുമുള്ള വിളികൾ ഇനി ‘1600’ സീരീസിൽ

See also  ബിപിഎസ്‌സി 72-ാമത് സിസിഇ പ്രിലിമിനറി 2026! പരീക്ഷ തീയതി പ്രഖ്യാപിച്ചു

മുൻകാലങ്ങളിൽ ടോൾ പ്ലാസകളിൽ പണം അടയ്ക്കാനായി വാഹനങ്ങൾ 3 മുതൽ 10 മിനിറ്റ് വരെ നിർത്തിയിടേണ്ടി വന്നിരുന്നു. ഫാസ്‌ടാഗ് വന്നതോടെ ഇത് ഒരു മിനിറ്റിൽ താഴെയായി കുറയ്ക്കാൻ സാധിച്ചുവെന്നും ഇതിലൂടെ കേന്ദ്ര സർക്കാരിന്റെ വരുമാനം 5000 കോടി രൂപയോളം വർധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. എഐ അധിഷ്ഠിത സംവിധാനം വരുന്നതോടെ ഈ കാത്തിരിപ്പ് സമയം പൂജ്യമായി കുറയും.

ടോൾ ശേഖരണത്തിന് പുറമെ ഹൈവേകളിലെ ഗതാഗത നിയന്ത്രണത്തിനും എഐ ഉപയോഗിക്കും. നിയമലംഘനങ്ങൾ കണ്ടെത്താനും അപകടങ്ങൾ കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കും. യാത്രക്കാർക്ക് യാതൊരു തടസ്സവുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്ന ‘ഫ്രീ ഫ്ലോ’ ട്രാഫിക് ആണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
The post ടോൾ പ്ലാസകളിലെ കാത്തിരിപ്പ് അവസാനിക്കുന്നു; 2026-ഓടെ രാജ്യത്ത് എഐ അധിഷ്ഠിത ടോൾ ശേഖരണം appeared first on Express Kerala.

Spread the love

New Report

Close