
അബുദാബി: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഏറ്റവുമധികം നാശനഷ്ടങ്ങളും വെള്ളക്കെട്ടും ഉണ്ടായത് റാസൽഖൈമയിൽ. ഈ സീസണിലെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് റാസൽഖൈമയിലെ യാനസ് പർവതനിരകളിലാണ്. അഞ്ച് ദിവസത്തിനുള്ളിൽ മാത്രം ഇവിടെ 244 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇത് യുഎഇയിൽ സാധാരണഗതിയിൽ ഒരു വർഷം ലഭിക്കേണ്ട ശരാശരി മഴയെക്കാൾ കൂടുതലാണെന്നത് പേമാരിയുടെ തീവ്രത വ്യക്തമാക്കുന്നു.
അജ്മാനിലെ മനാമ (234.7 മി.മീ), അൽഐനിലെ അൽ ഹായർ (234.1 മി.മീ) എന്നിവിടങ്ങളിലും റെക്കോർഡ് മഴയാണ് ലഭിച്ചത്. റാസൽഖൈമയിലെ തന്നെ മെബ്രെ പർവതത്തിലും അൽഐനിലെ ഖത്തം അൽ ഷക്‌ലയിലും ശക്തമായ മഴ തുടരുന്നു. മലയോര മേഖലകളിലും മരുഭൂമികളിലും പെയ്ത കനത്ത മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. വാദികൾ കരകവിഞ്ഞൊഴുകിയതും പലയിടങ്ങളിലും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
Also Read: ബിസിസിഐ ഭരണസമിതി തിരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷൻ സന്ദർശിച്ച് വ്യവസായ മന്ത്രി
ഫുജൈറയിലും ഷാർജയുടെ കിഴക്കൻ മേഖലകളിലും സമാനമായ രീതിയിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. നിലവിൽ മഴയ്ക്ക് അല്പം ശമനം വന്നിട്ടുണ്ടെങ്കിലും റാസൽഖൈമയിലെ വാദികളിലും ഡാമുകളിലും ജലനിരപ്പ് ഇപ്പോഴും അപകടകരമായ രീതിയിൽ ഉയർന്നു തന്നെയാണുള്ളത്. അതിനാൽ, വിനോദസഞ്ചാരികൾ വരും ദിവസങ്ങളിൽ ജബൽജെയ്‌സ് ഉൾപ്പെടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകി. സുരക്ഷ മുൻനിർത്തി അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗവും അറിയിച്ചു.
The post ജബൽജെയ്‌സ് യാത്ര ഒഴിവാക്കണം; പേമാരിയിൽ മുങ്ങി റാസൽഖൈമ appeared first on Express Kerala.




