മോദിക്ക് മമതയുടെ മറുപടി! ബംഗാളിലെ തൊഴിൽ പദ്ധതി ഇനി ‘ഗാന്ധിജി’യുടെ പേരിൽ

മോദിക്ക് മമതയുടെ മറുപടി! ബംഗാളിലെ തൊഴിൽ പദ്ധതി ഇനി ‘ഗാന്ധിജി’യുടെ പേരിൽ

കൊൽക്കത്ത: രാജ്യത്തെ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയെ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘കർമ്മശ്രീ’ ഇനി മുതൽ മഹാത്മാഗാന്ധിയുടെ പേരിൽ അറിയപ്പെടുമെന്ന് മമത പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ നടന്ന ബിസിനസ് കോൺക്ലേവിലായിരുന്നു കേന്ദ്രത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഈ പ്രഖ്യാപനം.

“നമ്മൾ ഗാന്ധിയെ മറന്നുതുടങ്ങുന്നു” കേന്ദ്രസർക്കാരിന്റെ പേരുമാറ്റത്തെ ലജ്ജാകരമെന്നാണ് മമത വിശേഷിപ്പിച്ചത്. “തൊഴിലുറപ്പ് പദ്ധതി ഗാന്ധിജിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്, എന്നാൽ പുതിയ ബില്ലിൽ അദ്ദേഹത്തിന്റെ പേരില്ല. ഈ രാജ്യത്ത് ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു. നമ്മൾ ഗാന്ധിയെ മറന്നുതുടങ്ങുകയാണ്,” മമത വികാരാധീനയായി പറഞ്ഞു. കേന്ദ്രം ഗാന്ധിജിയെ ബഹുമാനിച്ചില്ലെങ്കിലും തങ്ങൾ അത് ചെയ്യുമെന്നും ഗാന്ധി, അംബേദ്കർ, നെഹ്‌റു എന്നിവരെ ബഹുമാനിക്കാൻ തങ്ങൾക്ക് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിപക്ഷ പ്രതിഷേധത്തിനിടെ ‘വിക്സിത് ഭാരത് റാം ജി’ ബില്ല് പാസായി!

കർമ്മശ്രീ ഇനി ഗാന്ധിജി പദ്ധതി കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ വർഷമാണ് മമത സർക്കാർ സ്വന്തം നിലയ്ക്ക് ‘കർമ്മശ്രീ’ പദ്ധതി ആരംഭിച്ചത്. 75 മുതൽ 100 ദിവസം വരെ തൊഴിൽ ഉറപ്പാക്കുന്ന ഈ പദ്ധതി ഇനി മുതൽ ‘മഹാത്മാ ഗാന്ധി പദ്ധതി’ എന്നായിരിക്കും അറിയപ്പെടുക. ഈ പേരുമാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു.

രാജ്യസഭയിലും വി ബി-ജി റാം ജി ബില്ല് പാസായി മറുവശത്ത്, പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങൾക്കിടയിലും ‘വി ബി-ജി റാം ജി’ ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതിന് പിന്നാലെ ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. നേരത്തെ ലോക്സഭയിലും സമാനമായ രീതിയിൽ ബില്ല് പാസാക്കിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ സഭയ്ക്കകത്തും പുറത്തും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
The post മോദിക്ക് മമതയുടെ മറുപടി! ബംഗാളിലെ തൊഴിൽ പദ്ധതി ഇനി ‘ഗാന്ധിജി’യുടെ പേരിൽ appeared first on Express Kerala.

Spread the love
See also  ഇടുക്കിയിൽ വീണ്ടും റോഷി അഗസ്റ്റിൻ; എൽഡിഎഫിലെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസ് കെ. മാണി

New Report

Close